ചെങ്ങന്നൂർ: പനി കൂടുതൽ ആളുകളിലേക്ക് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളും ജീവനക്കാരേയും ഏർപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂർ സർക്കാർ ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്പോഴും സർക്കാരും ആരോഗ്യവകുപ്പും നിസംഗത പാലിക്കുകയാണ്.
പ്രഖ്യാപനങ്ങളല്ലാതെ രോഗികൾക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്കു കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കണമെന്ന് എംപി. ടെലിഫോണിലൂടെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഇതേത്തുടർന്ന് നാല് ഡോക്ടർമാരെ അടിയന്തിരമായി നിയമിക്കാൻ ഡയറക്ടർ ഡിഎംഒ യെ ചുമതലപ്പെടുത്തിയതായും എംപി പറഞ്ഞു.
ആശുപത്രിയിലെ പനിബാധിതരെ എംപി സന്ദർശിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ എംപിയുടെ പ്രതിനിധി കെ. ഷിബുരാജൻ, ആശുപത്രി സൂപ്രണ്ട് ഗ്രേസി ഇത്താക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി. പ്രമോദ്, ഗോപു പുത്തൻ മഠത്തിൽ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.