കൊച്ചി: ഭാര്യയെ ക്രൂരമായി മർദിച്ച് ആശുപത്രിയിലാക്കിയശേഷം രാജ്യം വിടാൻ ഒരുങ്ങുന്ന ഭർത്താവിനെതിരേ അടിയന്തരമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കുന്നത്തുനാട് കടയനാട് സ്വദേശിക്കെതിരേ ഭാര്യ എറണാകുളം ചങ്ങന്പുഴ നഗർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2013 ഏപ്രിൽ 18 നാണ് ഇവർ വിവാഹിതരായത്. യുകെയിൽ ജോലി ചെയ്യുന്ന ദന്പതികൾക്ക് മൂന്നരവയസുള്ള ഒരു പെണ്കുട്ടിയുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി മർദിക്കാറുണ്ടെന്നും ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണു മർദനത്തിനു കാരണമെന്നും ഭാര്യ കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു. യുകെ പോലീസിൽ പരാതി നൽകുകയും അവർ ഇടപെടുകയും ചെയ്തിരുന്നു. ഇപ്പോൾ ദന്പതികൾ നാട്ടിലുണ്ട്.
കഴിഞ്ഞ 16നു ഭർത്താവ് വീണ്ടും ക്രൂരമായി മർദിച്ചെന്നു യുവതി പറയുന്നു. തലയിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഭർത്താവിന്റെ അച്ഛനും അമ്മയും മർദനം നിർവികാരമായി നോക്കിനിൽക്കുകയായിരുന്നു. ഭർത്താവ് ഇപ്പോൾ രാജ്യം വിടാൻ ഒരുങ്ങുകയാണ്. തന്നെ ഉപേക്ഷിച്ചശേഷം കാമുകിയുമായി താമസിക്കാനാണു ശ്രമിക്കുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പെരുന്പാവൂർ ഡിവൈഎസ്പിയും കുന്നത്തുനാട് എസ്ഐയും ഭർത്താവിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു നിയമനടപടികൾ ആരംഭിക്കണമെന്നു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.