വൈപ്പിൻ: പന്തളത്ത് വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ വിവാഹവേദിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത യുവതി സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനിൽ നിന്നും ഏഴര ലക്ഷം രൂപ തട്ടിയതായി പരാതി. ഓച്ചന്തുരുത്ത് സ്വദേശി സജീവാണ് പരാതി നൽകിയത്. ഇതേ തുടർന്ന് കൊട്ടാരക്കര ആക്കൽ ഇളമാട് ഷാബു വിലാസത്തിൽ ശാലിനി (32) ക്കെതിരേ ഞാറക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തു.
ഹൈക്കോടതിയിൽ പ്യൂണ്‍, ക്ലാർക്ക് എന്നീ തസ്തികയിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സജീവിന്റെയും കുടുംബാംഗങ്ങളുടേയും ഒരു ബന്ധുവിന്റെയും പക്കൽ നിന്നും ഒന്നര ലക്ഷം രൂപ വീതമാണത്രേ യുവതി കവർന്നെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പണം നൽകിയത്. രണ്ടുപേർ നേരിട്ടും ബാക്കി മൂന്ന് പേർ ബാങ്ക് മുഖേനയുമാണ് പണം നൽകിയതെനന്ന് പരാതിയിൽ പറയുന്നു. ഇതിനുശേഷം മുങ്ങിയ യുവതിയെ കഴിഞ്ഞദിവസം വിവാഹത്തട്ടിപ്പിനു പന്തളം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിനിരയായെന്ന് പണം നൽകിയവർ അറിയുന്നത്. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. റിമാൻഡിലായ യുവതിയെ ഞാറക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും.