കായംകുളം: പത്തു വർഷമായി നീട്ടിവളർത്തിയ മുടി കാൻസർ രോഗികൾക്കു വിഗ് നിർമിക്കാനായി ദാനം നൽകി ഷാജിയുടെ കാരുണ്യ മാതൃക. കായംകുളം ജനസേവന കേന്ദ്രം എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷനിൽ നവാസ് ഷാജി ഹുസൈനാ(ഷാജി)ണ് മറ്റുള്ളവർക്കു മാതൃകയായത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ കായംകുളം ചേതനയുടെ കേശദാന പദ്ധതിയിലേക്കാണ് മുടി ദാനം നടത്തിയത്. ജനസേവന കേന്ദ്രത്തിലൂടെ കഴിഞ്ഞ 20 വർഷത്തിലേറെയായി ഷാജിയുടെ നേതൃത്വത്തിൽ കായംകുളം പ്രദേശത്തെ കിടപ്പുരോഗികൾക്കു സാന്ത്വനം പകർന്ന് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രവർത്തനം നടത്തി വരികയാണ്.
ജില്ലാ പാലിയേറ്റിവ് കെയർ യൂണിറ്റ് അംഗവുമാണ്. ചേതന ഡയറക്ടർ ഫാ. ബിന്നി നെടുംപുറത്ത്, ബ്ലഡ് ഡൊണേഷൻ സെൽ ചെയർമാൻ മുഹമ്മദ് ഷമീർ, ഷൈനി ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.