ഒരു മാസം മുൻപു വരെ ഗുജറാത്തിലെ ഷാഹിബാഗിലെ ഓൾഡ് സർക്യൂട്ട് ഹൗസിലെ മഹാത്മാ ഗാന്ധി സ്മൃതിഖണ്ഡിലെത്തുന്നവർക്ക് ഗാന്ധിജിയുടെ ത്യാഗത്തിന്റെ അവശേഷിപ്പുകളായിരുന്നു കാണാൻ കഴിഞ്ഞിരുന്നത് എന്നാൽ, ഇന്ന് അവിടെയെത്തുന്നവരെ വരവേല്ക്കുന്നത് പതഞ്ജലിയുടെ ഉത്പന്നങ്ങളും ബാനറുകളും ലഘുലേഖകളുമൊക്കെയാണ്.
95 വർഷം മുന്പ് ഗാന്ധിജിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ആറു വർഷം തടവിനു ശിക്ഷിച്ച കോടതി മുറിയാണ് ഇന്ന് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ വെറും ഗോഡൗണായി മാറിയത്. ഗാന്ധിജിയുടെ ഫോട്ടോഗ്രാഫുകൾ, വിചാരണയുടെ പെയിന്റിംഗുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി പഴയ സുപ്രധാന രേഖകൾ തുടങ്ങിയവയും സമൃതിഖണ്ഡിലുണ്ടായിരുന്നു. അവയിൽ പലതും മൂലയ്ക്കു കൂട്ടിയിട്ട ശേഷമാണ് പതഞ്ജലി ഉത്പന്നങ്ങൾ സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മേയ് 25നാണ് നഗരത്തിലെ ഏറ്റവും പുരാതനമായ സർക്യൂട്ട് ഹൗസിലെ 28 മുറികളിൽ 12 എണ്ണം പതഞ്ജലിക്കു നല്കിയത്. ഇവയിൽ സ്മൃതിഖണ്ഡ് കന്പനിയുടെ സ്റ്റോർ റൂമായി. മറ്റു മുറികളിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ ജീവനക്കാരാണ് ഇപ്പോൾ താമസിക്കുന്നത്. യോഗാ ദിനത്തിൽ പങ്കെടുക്കാനെത്തുന്നവർക്കു നല്കാനുള്ള ടീ ഷർട്ടുകളും മുറിയിൽ കൂട്ടിയിട്ടിരിക്കുന്നു.
മുറി ഉപയോഗിക്കാൻ പതഞ്ജലി എങ്ങനെയാണ് അനുമതി വാങ്ങിയതെന്നുള്ള ചോദ്യത്തിന് മുറി ഗോഡൗണാക്കാൻ ആരാണ് അനുമതി നല്കിയതെന്ന് തങ്ങൾക്കറിയില്ലെന്നാണ് കെട്ടിടത്തിന്റെ ചുമതലയുള്ള ഷഹിബാഗ് സബ് ഡിവിഷൻ ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനിയർ ചിരാഗ് പട്ടേൽ പറഞ്ഞത്. ചട്ടങ്ങൾക്കു വിരുദ്ധമായി, ഡിപ്പോസിറ്റ് തുക പോലും വാങ്ങാതെയാണ് മുറികൾ പതഞ്ജലിക്ക് നല്കിയതെന്നും ആരോപണങ്ങളുണ്ട്.
അതേസമയം, ആരോപണങ്ങൾ ബാബാ രാംദേവ് നിഷേധിച്ചു. സ്മൃതിഖണ്ഡ് പതഞ്ജലിയുടെ ഗോഡൗണായി ഉപയോഗിക്കുകയല്ലെന്നും ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.