കുമളി: തക്കടി വനത്തിന്റെ ഭാഗമായി മാറിയ താടിക്കണ്ണനെന്ന കണ്ണൻ(52) യാത്രയായി. കുമളി മന്നാക്കുടിയിൽ താമസക്കാരനായ ഗേറ്റിങ്കൽ കണ്ണൻ ഫോറസ്റ്റ് വാച്ചറാണ്. വനത്തിൽ പച്ചക്കാട് ഭാഗത്ത് ഡ്യൂട്ടികഴിഞ്ഞ് മടങ്ങവേ ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. സഹപ്രവർത്തകർ മൃതദേഹം ചുമന്നാണ് നാട്ടിലെത്തിച്ചത്.
40 വർഷത്തോളമായി താത്കാലിക വാച്ചറായി ജോലിനോക്കിയിരുന്ന കണ്ണനെ മികവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ വനംവകുപ്പ് രണ്ടുവർഷം മുന്പാണ് ഫോറസ്റ്റ് വാച്ചറായി സ്ഥിരപ്പെടുത്തിയത്. നിരവധി കണ്ണൻമാർ തേക്കടിയിൽ ജോലിയിലുള്ളതിനാൽ സ്ഥിരമായി താടിയുള്ള കണ്ണൻ സഹപ്രവർത്തകർക്കും നാട്ടുകാർക്കും താടിക്കണ്ണനായി. തേക്കടി വനത്തിന്റെ ഏതു മുക്കും മൂലയും കണ്ണന് മനപാഠമാണ്. കണ്ണനോളം തേക്കടി വനത്തെ ഇത്രയുംകാലം സേവിച്ചവരും മനപാഠമാക്കിയവരും വേറെയുണ്ടാവില്ല.
വനത്തിൽ അത്യാവശ്യ സാഹചര്യമുണ്ടായിൽ രാത്രിയിൽപോലും വഴികാട്ടിയായി പോകുന്നത് കണ്ണനായിരുന്നു. സ്പീഡ് ബോട്ടുൾപ്പെടെ എല്ലാ ബോട്ടുകളും ഓടിച്ചിരുന്ന കണ്ണന് രാത്രിയിൽ ബോട്ട് ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ ലൈറ്റിന്റെ ആവശ്യം വേണ്ടിയിരുന്നില്ല. കണ്ണുകെട്ടി വിട്ടാലും കണ്ണൻ തേക്കടി തടാകത്തിൽ ബോട്ട് ഓടിക്കുമെന്നാണ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും പറയുന്നത്. കാട്ടിലെയും തടാകത്തിലെയും വഴികൾ കണ്ണന് മനപാഠം.
വിദേശികളടക്കമുള്ള ഫോട്ടോഗ്രാഫർമാരും ഉന്നത ഉദ്യോഗസ്ഥരും കണ്ണനെ കൂട്ടുപിടിച്ചാണ് വനത്തിൽ പോയിരുന്നത്. കണ്ണന്റെ സേവനമികവിന് നിരവധി അവാർഡുകളാണ് ലഭിച്ചത്. തിരുവനന്തപുരം ഗ്രീൻ ഇന്ത്യൻസ് 2011, ലയണ്സ് ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളി 2009, ഒരുലക്ഷം രൂപയുടെ മാധവൻപിള്ള ഫൗണ്ടേഷൻ, കുമളി വൈഎംസിഎ തുടങ്ങിയ അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. എല്ലാവരേയും സന്തഷത്തോടെ കാട്ടിലേക്ക് സ്വീകരിക്കാൻ ഇനി താടിക്കണ്ണൻ ഉണ്ടാവില്ല.
ഭാര്യ: പരേതയായ സോഫി. മകൻ: വിൽസണ് വനംവകുപ്പിൽ താത്കാലിക വാച്ചറാണ്.