മങ്കൊന്പ്: വിവാഹശേഷം വധൂവരൻമാർക്ക യാത്രചെയ്യാൻ വിലകൂടിയതും, മോടിയുമുള്ള ആഡംബര കാറുകൾ തേടുന്ന കാലത്ത് പഴമയെ ഓർമപ്പെടുത്തുന്ന വിവാഹയാത്ര കൗതുകമായി. കാവാലത്ത് ഇന്നലെ നടന്ന വിവാഹത്തിൽ ചടങ്ങുകൾക്കുശേഷം വധുവും വരനും പള്ളിയിൽ നിന്ന് വീട്ടിലേക്കു പോയത് പഴയകാലത്തെ വാഹനമായ കാളവണ്ടിയിലായിരുന്നു.
കാവാലം കിഴക്കേ കുന്നുമ്മ ചെന്പിലായിൽ, പേരൂർ വീട്ടിൽ ടോമിച്ചന്റെ മകൻ മനു വർഗീസിന്റെ വിവാഹമാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും എക്കാലവും ഓർമയിൽ സൂക്ഷിക്കാനൊരു കൗതുകക്കാഴ്ച സമ്മാനിച്ചത്. മനുവിന്റെയും കോട്ടയം കുറുപ്പന്തറ സ്വദേശിയായ ജൂലിയുടെയും വിവാഹം കാവാലം സെന്റ് തെരേസാസ് പള്ളിയിൽ വച്ചാണ് നടന്നത്.
വിവാഹശേഷം വിരുന്നൊരുക്കിയിരുന്ന പള്ളിഹാളിലേക്കു നവദന്പതികളെ ആനയിച്ചതും വാദ്യമേളങ്ങളുടെ അകന്പടിയോടെയായിരുന്നു. മനുവിന്റെ സുഹൃത്തുക്കളായിരുന്നു പതിവിനു വിപരീതമായ ആചാരങ്ങളൊരുക്കിയത്. സൽക്കാരച്ചടങ്ങുകൾക്കു ശേഷം നവദന്പതിമാരെ സുഹൃത്തുക്കൾ കാളവണ്ടിയിൽ കയറ്റി. തുടർന്ന് പുളിങ്കുന്ന്കാവാലം റോഡിലൂടെ ഒരു കിലോമീറ്ററോളം വരുന്ന വീട്ടിലേക്കുള്ള യാത്ര.
ചെണ്ടമേളത്തിന്റെ അകന്പടിയോടെ. പച്ചിലക്കന്പുകളും കൈയിലേന്തി ആർപ്പുവിളികളുമായി സൃഹൃത്ത് സംഘം കാളവണ്ടിക്കു മുന്പേ നടന്നു നീങ്ങി. അപൂർവക്കാഴ്ച കാണാൻ വിവാഹച്ചടങ്ങിനു ക്ഷണിക്കപ്പെടാത്തവരും റോഡുവക്കിലേക്കെത്തിയിരുന്നു.ചങ്ങനാശേരിയിൽ നിന്നാണ് വധൂവരൻമാർക്ക് യാത്ര ചെയ്യാനുള്ള പരിസ്ഥിതി സൗഹൃദ വാഹനമെത്തിച്ചത്.