കുമരകം: അറുപറയിൽ നിന്നും കാണാതായ ദന്പതികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ ആരംഭിച്ചു. മീനച്ചിലാറും കവണാറും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. കവണാറ്റിൻകരയിലും താഴത്തങ്ങാടിയിലും അണ്ടർ വാട്ടർ റോബർട്ട് എന്ന നവീന സംവിധാനം ഉപയോഗിച്ചാണ് സീഡാക്കിലെ വിദഗ്ധർ പരിശോധന നടത്തുന്നത്.
കൈപ്പുഴയാറിൽ ഇന്നലെ നടത്തിയ പരിശോധന വിഫലമായിരുന്നു. വെള്ളത്തിനടിയിൽ നിന്നും കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന കണ്ട്രോൾ യൂണിറ്റിൽ ദർശിക്കാൻ കഴിയും. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ മൂന്നു മീറ്ററിനുള്ളിലുള്ള ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുമെന്നതാണ് ഈ നൂതന സംവിധാനത്തിന്റെ നേട്ടം. പോലീസിന്റെ അന്വേഷണത്തിനുവേണ്ടി ഈ സംവിധാനം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉപയോഗിച്ചത്.
അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ ഏപ്രിൽ ആറിനാണ് കാണാതായത്. ഹർത്താൽ ദിനമായ അന്ന് കോട്ടയം ടൗണിൽ നിന്നും ആഹാരം വാങ്ങി വരാമെന്ന് പറഞ്ഞ് കാറിൽ വീട്ടിൽ നിന്നു പുറപ്പെടുകയായിരുന്നു. എന്നാൽ ഇവരെക്കുറിച്ച് പിന്നീട് ഒരു സൂചനയും ലഭിച്ചിരുന്നില്ല. വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ കൈപ്പുഴമുട്ടിൽ നടത്തിയ അന്വേഷണത്തിന് പോലീസ് ചീഫ് എൻ. രാമചന്ദ്രൻ, ഡിവൈഎസ്പി സഖറിയാ മാത്യു, വെസ്റ്റ് സിഐ നിർമൽ ബോസ്, കുമരകം എസ്ഐ ജി.രജൻകുമാർ എന്നിവർ നേതൃത്വം നൽകി. റിമോട്ടലി ഓപ്പറേറ്റഡ് സബ് മസബിൾ ഉപയോഗിച്ചുള്ള പരിശോധന അഞ്ചു ദിവസം തുടരും. മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നു കാണാതായ ദന്പതികളുടെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.