കൊച്ചി: മലയാളിയായ യോഗ അധ്യാപകനെ മധ്യപ്രദേശിലെ ഗ്വാളിയാറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നു റെയിൽവേ പോലീസ്. കുലയിറ്റിക്കര അരയൻകാവ് കുട്ടോംപറന്പിൽ കെ.വി. ജോർജിന്റെ മകൻ സോജി ജോർജി(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും സ്വർണവുമടക്കം മൃതദേഹത്തിനരികിൽനിന്നു ലഭിച്ചതിനാൽ യാത്രയ്ക്കിടെ ഉറങ്ങി വീണതാണ് മരണ കാരണമെന്നാണ് പോലീസ്് പറയുന്നത്.
വിദേശയാത്രയുമായി ബന്ധപ്പെട്ടു ബൾഗേറിയൻ എംബസിയിലെത്താൻ കഴിഞ്ഞ 13നാണ് സോജി ഡൽഹിയിലേക്കു പുറപ്പെട്ടത്. യോഗാധ്യാപനത്തിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള സോജിക്കു ബൾഗേറിയയിലേക്കു സ്ഥിര വീസ ലഭിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിനാണു യാത്ര തിരിച്ചത്.
14ന് രാത്രി ഏഴര വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അതിനു ശേഷം ഫോണ്‍ പ്രവർത്തനരഹിതമാവുകയായിരുന്നു. 16ന് ബൾഗോറിയൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെയെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതേ ദിവസം, ഉച്ചയോടെ സോജിയുടെ വീട്ടിലേക്കു അജ്ഞാത ഫോണ്‍ കോൾ ലഭിച്ചിരുന്നു.
ഹിന്ദിയാണ് സംസാരിച്ചതെങ്കിലും പ്രാദേശിക ശൈലി കലർന്നതിനാൽ സോജിയുടെ പിതാവിനു വിവരങ്ങൾ മനസിലയില്ലെങ്കിലും സോജിയുടെ പേര് നിരവധി വട്ടം പരമാർശിച്ചതിനാൽ സംശയം തോന്നി റെയിൽവേ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. അന്വേഷണത്തിൽ സോജി മരിച്ചെന്നും അതു പറയാനായി ഗ്വാളിയാർ പോലീസാണ് വിളിച്ചതെന്നും വ്യക്തമായതോടെ ബന്ധുക്കളും സൗത്ത് റെയിൽവേ പോലീസും ഗ്വാളിയാറിലേക്കു പോവുകയായിരുന്നു.
16നു പുലർച്ചെയാണു ഗ്വാളിയറിനു സമീപത്തെ ദാത്തിയ റെയിൽവേ സ്റ്റേഷൻ പരിസരത്തു സോജിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിനു പുറത്തുനിന്നു ലഭിച്ച മൃതദേഹത്തിൽ മർദനമേറ്റതിന്റെയോ ബലപ്രയോഗത്തിന്റെയോ പാടുകളോ സൂചനകളോ ഇല്ലായിരുന്നു.
കവർച്ചാശ്രമത്തിനിടെ ട്രെയിനിൽനിന്നു വീണു മരിച്ചതാകാമെന്നു സംശയിച്ചിരുന്നെങ്കിലും അതിന്റെ ലക്ഷണങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ഉറങ്ങി വീണതാണെന്ന നിഗമനത്തിലാണ് ഗ്വാളിയാർ പോലീസ് എത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം സോജിയുടെ മൃതദേഹം ഗ്വാളിയറിൽത്തന്നെ സംസ്കരിച്ചു. ബന്ധുക്കള്‍ക്കു ഭൗതിക അവശിഷ്ടങ്ങളും മൃതദേഹത്തിനരികില്‍ നിന്നു ലഭിച്ച വസ്തുക്കളും കൈമാറി.