പെരുമ്പാവുർ: കോളജ് വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിൽ കാത്തു നിന്ന് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കുറുപ്പംപടി പോലീസ് പിടികൂടിയ ജൂണിയർ വിദ്യാർഥിയെ കോടതി റിമാൻഡ് ചെയ്തു.പെരുന്പാവൂർ ഭാഗത്തെ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി ഇന്നലെ വൈകുന്നേരം നാലോടെ കോളജ് വിട്ട് വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്കുള്ള കനാൽ സൈഡ് വഴിയിലൂടെ സൈക്കിളിൽ വരികയായിരുന്ന വിദ്യാർഥിനിയെ ഒഴിഞ്ഞ സ്ഥലത്ത് കാത്തിരുന്നു പ്രതി ആക്രമിക്കുകയായിരുന്നു.
കൈയേറ്റം ചെയ്തെന്നും ബലമായി ഓമ്നി കാറിലേക്കു പിടിച്ചുകയറ്റാൻ ശ്രമിച്ചെന്നും വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് തൊട്ടടുത്ത പറന്പിൽ കന്നുകാലിയെ തീറ്റുകയായിരുന്ന സ്ത്രീ ഒച്ചവച്ചതോടെ പ്രതി വാഹനവുമായി സ്ഥലം വിട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനി പഠിക്കുന്ന കോളജിലെ ജൂണിയറായി പഠിക്കുന്ന വിദ്യാർഥിക്കതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരന്നു. പ്രതി ഉപയോഗിച്ച ഓംനി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറുപ്പംപടി മജിസ്റ്റേറ്റ് അവധിയിലായതിനാൽ കോതമംഗലം കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. എസ്ഐ ഷമീറിനെ കൂടാതെ അന്വേഷണ സംഘത്തിൽ അഡീ. എസ്ഐ സാലി, എഎസ്ഐ ജോസഫ്, സിപിഒ രാജേഷ് എന്നിവരുമുണ്ടായിരുന്നു.