തളിപ്പറമ്പ്: അഞ്ചേക്കറില്‍ നൂറ് ചുവട് പാഷന്‍ഫ്രൂട്ട് തൈകള്‍, ഈ തൈകളില്‍ നിന്നും ലഭിക്കുന്ന ക്വിന്റല്‍ കണക്കിന് പാഷന്‍ഫ്രൂട്ട് പഴങ്ങളില്‍ നിന്നും ഉത്പാദിപ്പിച്ചെടുക്കുന്ന വൈവിധ്യമാര്‍ന്ന മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള് കണ്ണൂര്‍ ജില്ലാ കൃഷിഫാമില്‍ നിന്നും നാടിന്റെ നാനാഭാഗത്തേക്കും ഒഴുകുന്നു…
സംഭവം കേള്‍ക്കാന്‍ വളരെ സുഖമുള്ളതാണ്. എന്നാല്‍ കഥയിത് വേറെയാണ്. കഴിഞ്ഞ വര്‍ഷം കരിമ്പം ജില്ലാ കൃഷിഫാമില്‍ ആരംഭിച്ച പഴ സംസ്ക്കരണ കേന്ദ്രത്തിന് വേണ്ടിയാണ് കാരത്തുംപാറയിലെ അഞ്ചേക്കര്‍ സ്ഥലത്ത് നൂറ് ചുവട് പാഷന്‍ഫ്രൂട്ട് തൈകള്‍ നട്ടുവളര്‍ത്താന്‍ ഫാമിന്റെ നടത്തിപ്പ് ചുമതലക്കാരായ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്.
ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്തുന്നതിന് പാഷന്‍ഫ്രൂട്ട് തൈകള്‍ക്ക് പടര്‍ന്നുകയറാന്‍ തക്ക വിധത്തില്‍ വര്‍ഷങ്ങളോളം നിലനില്ക്കത്തക്ക വിധത്തില്‍ ഓരോ ഏക്കര്‍ വിസ്തൃതിയില്‍ അഞ്ചിടത്തായി കൂറ്റന്‍ ഇരുമ്പ് പന്തലുകളാണ് പണിതത്. കരിമ്പാറകള്‍ക്ക് മുകളിലാണ് കോണ്‍ക്രീറ്റ് തൂണുകളില്‍ പന്തല്‍ നിര്‍മിച്ചത്. പാറകളില്‍ വലിയ കുഴിയെടുത്ത് കുഴികളില്‍ മണ്ണും ചകരിച്ചോറും നിറച്ച് അതില്‍ തൈകള്‍ നടാനാണ് തീരുമാനിച്ചത്.
എല്ലാ തൈകള്‍ക്കും കണിക ജലസേചന രീതിയില്‍ ചുവട്ടില്‍ തന്നെ വെള്ളം എത്തിക്കാനുള്ള പൈപ്പുകളും അഞ്ചേക്കര്‍ സ്ഥലത്ത് എല്ലാ പന്തലുകളുമായും ബന്ധിപ്പിച്ചിരുന്നു. നിര്‍മിച്ച പന്തല്‍ കണ്ടാല്‍ തന്നെ കാണുന്നവര്‍ ഞെട്ടും, എന്നാല്‍ പന്തല്‍ പണി തീര്‍ന്നപ്പോഴാണ് കരാറുകാരന് ശരിക്കും ഞെട്ടിയത്. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് പാറയില്‍ കുഴികുത്താന്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടു.
കരിങ്കല്ല് തുരക്കുന്ന ജാക്ക്ഹാമര്‍ ഉപയോഗിച്ച് മാത്രമേ ഈ പാറ തുരന്ന് കുഴിയെടുക്കാനാവൂ എന്ന് വന്നതോടെ 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പുതുക്കണമെന്ന് കരാറുകാരന് അവശ്യപ്പെട്ടു. എന്നാല്‍ ജില്ലാ പഞ്ചായത്ത് അതിന് വിസമ്മതിച്ചതോടെ കരാറുകാരന് പണി മതിയാക്കി സ്ഥലം വിടുകയും ചെയ്തു. ഒന്നര വര്‍ഷമായി പണി പകുതിയായ നിലയില്‍ കിടക്കുകയാണ് പടുകൂറ്റന്‍ പന്തലുകള്‍. യാതൊരു ആലോചനയുമില്ലാതെ നടത്തിയ കെടുകാര്യസ്ഥതയുടെ സ്മാരകമായി മാറിയിരിക്കയാണ് ഈ പന്തലുകള്‍.
എസ്റ്റിമേറ്റ് പുതുക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കടുപ്പമുള്ള പാറകളില്‍ മണ്ണ് നിറച്ച് നടത്തുന്ന കൃഷി വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് കാര്‍ഷിക വിദഗ്ദ്ധര്‍ പറയുന്നത്. ഫാമില്‍ തന്നെ പാഷന്‍ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമായ മറ്റ് നിരവധി സ്ഥലങ്ങള്‍ ഉണ്ടായിട്ടും കരിമ്പാറപ്പുറത്ത് കൃഷി നടത്താനുള്ള തീരുമാനം ആരുടേതാണെങ്കിലും തലതിരിഞ്ഞതായിപ്പോയെന്ന വിമര്‍ശനം ശക്തമാണ്.