കണ്ണൂർ: ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയുന്ന തൊഴിലാളികൾക്കുള്ള ഫണ്ട് കേന്ദ്രം അനുവദിക്കാത്തത് കൊണ്ട് തൊഴിലാളികൾ പട്ടിണിയിലാണെന്നും അടിയന്തിരമായി ഫണ്ട് അനുവദിക്കണം എന്നുമുള്ള പി കെ ശ്രീമതിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ. സത്യപ്രകാശ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനയോഗത്തിലും വലിയ രീതിയിലുള്ള ക്രമക്കേടും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെയ്യാത്ത പണിയുടെ പേരിൽ തുക വിനിയോഗിച്ചും തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും രജിസ്റ്ററിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. എത്ര പേർ എത്ര തൊഴിൽ ചെയ്തെന്നും ഏതൊക്കെ മേഖലകളിലും വിഭാഗങ്ങളിലുമാണ് പ്രവൃത്തി നടന്നെന്ന സർട്ടിഫിക്കറ്റ് ഇതുവരെ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിട്ടു പോലുമില്ല.
അനുവദിച്ച ഫണ്ട് വകമാറ്റിചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വാസ്തവും ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഒരു ലോക്സഭാ ജനപ്രതിനിധി നടത്തുന്നത് രാഷ്ട്രീയമാന്യതയക്ക് നിരക്കാത്തതാണ്. ഇത്തരത്തിൽ ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്ന രീതി ജനപ്രതിനിധിക്ക് യോജിച്ചതല്ലെന്നും പി. സത്യപ്രകാശ് പറഞ്ഞു