കണ്ണൂർ: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ വധിച്ച കേസിൽ പോലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ച കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ ബിജെപി സംസ്ഥാന നേതൃത്വം നിയമനടപടികളിലേക്ക്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിപ്രായം പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇതിനെതിരേ ജുഡീഷറി അടക്കമുള്ള നിയമസവിധാനങ്ങളെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഡിവൈഎസ്പി ജഡ്ജി ചമയേണ്ടന്നും പോലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തന്ന പ്രസ്താവനകളാണ് സദാനന്ദന്റെ ഭാഗത്ത് നിന്നുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.ഡിവൈഎസ്പി സദാനന്ദൻ രാഷ്ട്രീയക്കാരനെപോലെയാണ് സംസാരിച്ചതെന്നും ഫസൽവധക്കേസിനെ പോലെ എന്തുകൊണ്ട് സദാനന്ദൻ ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ ഗവേഷണം നടത്തിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് ആരോപിച്ചു.
കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ഡിവൈഎസ്പിയുടെ ശ്രമം. ഫസൽവധക്കേസിലെ പ്രതികളെ സംശയമില്ലാതെയാണ് സിബിഐ കണ്ടെത്തിയതെന്നും സത്യപ്രകാശ് പറഞ്ഞു. ഇന്നലെ കണ്ണൂരിൽ നടന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ഡിവൈഎസ്പി നടത്തിയ പ്രസംഗമാണ് വിവാദമായത്.
ഫസൽ വധക്കേസിനെപറ്റിയാണെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും അടുത്തിടെ വിവാദമായ കേസിനെപറ്റിതന്നെയാണ് ഡിവൈഎസ്പി പ്രസംഗത്തിൽ വ്യക്തമാക്കിയത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ പോലീസ് ഓഫീസർക്കു യോജിക്കാത്ത രീതിയിൽ പ്രസംഗിച്ചുവെന്നു കാണിച്ച് പടുവിലായി മോഹനൻ വധക്കേസിലെ പ്രതി ആർഎസ്എസ് പ്രവർത്തകൻ മാഹി ചെന്പ്രയിലെ ഇ. സുബീഷ് ഡിജിപിക്ക് പരാതി നൽകി.
കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടന്ന പോലീസ് ഓഫീസേഴ്സിന്റെ യോഗത്തിൽ ഡിവൈഎസ്പി സദാനന്ദൻ തനിക്കെതിരേ പ്രസ്താവന നടത്തിയെന്നും 12 വർഷം നീണ്ട ഗവേഷണത്തിലൂടെയും അന്വേഷണത്തിലൂടെയും തനിക്കെതിരേ തെളിവുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് വധശിക്ഷ വാങ്ങികൊടുക്കാനുള്ള തെളിവുകൾ പക്കലുണ്ടെന്നും പ്രസംഗിച്ചുവെന്നാണ് പരാതിയിലുള്ളത്.
സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളായ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനും കൃത്രിമ തെളിവുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനും ശ്രമിക്കുന്ന ഡിവൈഎസ്പിക്കെതിരേ വകുപ്പുതല നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിപിഎം പ്രവർത്തകൻ പടുവിലായിയിലെ കെ. മോഹനനെ വധിച്ച കേസിൽ പിടിയിലായ മാഹി ചെന്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ്.
ഫസൽ വധക്കേസിലെ പ്രതികൾ ബിജെപിക്കാരാണെന്നു പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. സുബീഷ് പിന്നീട് മൊഴിനിഷേധിക്കുകയും പോലീസ് മർദിച്ചു പറയിച്ചതാണെന്നു പറയുകയും ചെയ്തുവെങ്കിലും മൊഴിയുടെ വീഡിയോ, ഓഡിയോ ടേപ്പുകൾ മാധ്യമങ്ങളിലൂടെ പുറത്തായി. ഫസൽ വധക്കസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയ ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ ഈ തെളിവുകൾ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ തെളിവുകൾ ശാസ്ത്രീയമല്ലെന്നു പറഞ്ഞ കോടതി ഹർജി തള്ളിയിരുന്നു.