കൊച്ചി: മൂന്നാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം പച്ചാളം ആലുങ്കൽ കൃഷ്ണകുമാറിനെ (55) ആണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സമീപം പെണ്‍കുട്ടിക്ക് മിഠായിയും മറ്റും നല്കി സൗഹൃദം സ്ഥാപിച്ച ഇയാൾ സ്ഥാപനത്തിനു മുകളിലുള്ള മുറിയിൽവച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡന വിവരം കുട്ടി അധ്യാപികയോട് പറഞ്ഞതിനെത്തുടർന്ന് അധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.
ചൈൽഡ് ലൈനിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പോലിസ് ഇൻസ്പെക്ടർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
എസ്ഐ ജോസഫ് സാജൻ, എഎസ്ഐമാരായ സേവ്യർ, അരുൾ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.