സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ സെമിയില്‍ ഇടം നേടി ഇന്ത്യന്‍ താരം കിംഡംബി ശ്രീകാന്ത്. ക്വാട്ടറില്‍ ഇന്ത്യയുടെതന്നെ ബി.സായ് പ്രണീതിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്കാണ് ലോക 22ാം നമ്പര്‍ താരമായ ശ്രീകാന്ത് വിജയം നേടിയെടുത്തത്.
സ്കോര്‍: 25-23, 21-17 . എന്നാല്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ സൈന നെഹ്വാളും പി.വി.സിന്ധുവും ക്വാർട്ടറില്‍ പുറത്തായി. വനിതാ സിംഗിള്‍സില്‍ ചൈനയുടെ സണ്യുവിനോടാണ് സൈന പരാജയമറിഞ്ഞത്. സ്കോര്‍ : 17-21, 21-10,17-21 ലോക ഒന്നാം നമ്പര്‍ താരം തായ് തിസു യിംഗ് ആണ് ക്വാർട്ടറില്‍ ഇന്ത്യന്‍ താരം സിന്ധുവിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. സ്കോര്‍ : 21-10,20-22,16-21. പുരുഷ ക്വാർട്ടറില്‍ ആവേശോജ്വല പോരാട്ടമാണ് ശ്രീകാന്തും പ്രണീതും കാഴ്ചവച്ചത്. ആരംഭത്തില്‍ കോര്‍ട്ട് നിറഞ്ഞു കളിച്ച പ്രണീത് ലീഡ് നേടിയിരുന്നു.
എന്നാല്‍, സാവധാനം ഫോമിലെത്തിയ ശ്രീകാന്ത് പോയിന്റ് 20-20 ആക്കിമാറ്റി മത്സരം കടുപ്പിച്ചു. തുടര്‍ന്ന് കളിയില്‍ ആധിപത്യം നേടിയ ശ്രീകാന്ത് തുടര്‍ച്ചയായ സ്മാഷുകളിലൂടെ പോയിന്റ് 25-23 ആക്കി ഉയര്‍ത്തി ആദ്യ ഗെയിം തന്റേതാക്കിമാറ്റുകയും ചെയ്തു.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും പ്രണീത് മിന്നിത്തിളങ്ങി തിരിച്ചുവരവിനു ശ്രമിച്ചു. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് നിഷ്പ്രഭമാക്കിക്കൊണ്ട് ശ്രീകാന്ത് തന്റെ സ്കോര്‍ 16-12 ആക്കി ഉയര്‍ത്തി. പിന്നീടങ്ങോട്ട് പിഴവുകളൊന്നും കൂടാതെ കളിച്ച് താരം വിജയം അനായാസം കൈക്കലാക്കുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സണ്‍ വാന്‍ ഹൂവിനെ പരാജയപ്പെടുത്തിയാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം നേടിയ ശ്രീകാന്ത് ക്വാർട്ടറില്‍ എത്തിയത്.