ജിഎസ്ടി കൗണ്ട്ഡൗണ്-5
റ്റി.സി. മാത്യു
വിദ്യാഭ്യാസവും ആരോഗ്യവും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പറയുന്നെങ്കിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ജിഎസ്ടി ബാധ്യത വരുന്നുണ്ട്. അധ്യാപനവുമായി നേരിട്ടു ബന്ധപ്പെടാത്ത കാര്യങ്ങളിലാണത്. ഇപ്പോൾ സേവന നികുതി ബാധകമായ ഇനങ്ങൾക്ക് ഇനി ജിഎസ്ടി നല്കണം.
പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ നല്കുന്ന സേവനങ്ങളും അവ വാങ്ങുന്ന സേവനങ്ങളും ജിഎസ്ടിയിൽനിന്നു സന്പൂർണമായി ഒഴിവാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംഗീകൃത ബിരുദ, ബിരുദാനന്തര ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും സ്ഥാപനം നല്കുന്ന സേവനങ്ങളും നികുതി വിമുക്തമാണ്.
ഔട്ട്സോഴ്സ് ചെയ്താൽ
എന്നാൽ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഔട് സോഴ്സ് ചെയ്യുന്ന സേവനങ്ങൾക്കു ജിഎസ്ടി ബാധകമാക്കുന്ന നിലയിലാണ് നികുതി സംബന്ധിച്ച വിജ്ഞാപനം.
1. വിദ്യാർഥികൾക്കും അധ്യാപകർക്കും നല്കുന്ന യാത്രാസൗകര്യം.
2. ഹോസ്റ്റൽ-മെസ് ചാർജുകൾ.
3. കോളജ് കാന്റീനിലെ ഭക്ഷണം.
4. അപേക്ഷാ ഫീസ്.
5. ടെസ്റ്റിംഗിനും അസസ്മെന്റിനുമുള്ള
ഫീസ്.
6. കാന്പസിലെ മെയിന്റനൻസ്,
ഹൗസ് കീപ്പിംഗ് ചാർജുകൾ.
7. ഹോസ്റ്റൽ സെക്യൂരിറ്റി.
ഇവയ്ക്കെല്ലാം 18 ശതമാനം ജിഎസ്ടി അടയ്ക്കേണ്ടിവരും.
നിവേദനങ്ങൾ
സ്വകാര്യ യൂണിവേഴ്സിറ്റികളും എഡ്യൂക്കേഷൻ പ്രൊമോഷൻ സൊസൈറ്റി ഓഫ് ഇന്ത്യ (ഇപിഎസ്ഐ) തുടങ്ങിയ സംഘടനകളും ഇതേപ്പറ്റി കേന്ദ്രധനമന്ത്രാലയത്തിലും സംസ്ഥാന ധനമന്ത്രാലയങ്ങളിലും നിവേദനങ്ങൾ നൽകിയിരിക്കുകയാണ്.
സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബാധകമല്ലാത്തതാണു സ്വകാര്യ സ്ഥാപനങ്ങൾക്കു ബാധകമാക്കിയിട്ടുള്ളത്. വിദ്യാർഥികളാണ് ഈ നികുതിഭാരം വഹിക്കേണ്ടിവരിക.
വിദൂരവിദ്യാഭ്യാസ പരിശീലനം, യൂണിവേഴ്സിറ്റിക്കു പുറമേയുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, കോച്ചിംഗ് കേന്ദ്രങ്ങളിൽ നടത്തുന്ന പരിശീലനം, കംപ്യൂട്ടർ പരിശീലനം തുടങ്ങിയവയും ജിഎസ്ടിക്കു വിധേയമാകും. ഐഐഎമ്മുകളിൽപോലും ഔപചാരിക എംബിഎ ഒഴിച്ചുള്ള കോഴ്സുകൾക്ക് ജിഎസ്ടി 18 ശതമാനം നല്കണം. എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമുകൾ നികുതിവിധേയമാകും.
തൊഴിൽ കോഴ്സുകൾ
സർക്കാർ സ്ഥാപനങ്ങൾ നടത്തുന്നതും അംഗീകരിച്ചതുമായ തൊഴിൽ കോഴ്സുകൾക്കു നികുതിയില്ല. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനോ കോർപറേഷൻ അംഗീകരിച്ച കൗൺസിലോ അസസ്മെന്റ് ഏജൻസിയോ നല്കുന്ന സേവനങ്ങളും അവർ നടത്തുന്ന തൊഴിൽ-നൈപുണ്യ പരിശീലന കോഴ്സുകളും നികുതി വിമുക്തമാണ്.
സംഗീതോപകരണങ്ങൾ, കംപ്യൂട്ടറുകൾ, സ്പോർട്സ് ഉപകരണങ്ങൾ, സ്റ്റേഷനറി തുടങ്ങിയവ മൂന്നാംകക്ഷികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നല്കിയാലും നികുതിവിധേയമാകും.
പ്രത്യക്ഷത്തിൽത്തന്നെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വകാര്യ കോഴ്സുകൾക്കും നികുതിഭാരം കൂട്ടുന്നതാണു ജിഎസ്ടി നിർദേശങ്ങൾ.