ബല്ലാഗഡ്: ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ട്രെയിനിൽനിന്നും സഹയാത്രികർ പുറത്തേക്കെറിഞ്ഞു. ഗുരുതര പരിക്കേറ്റ 16 കാരൻ മരിച്ചു. ഡൽഹി ബല്ലാഗഡ് എമു ട്രെയിനിലായിരുന്നു സംഭവം. നാല് മുസ്ലിം യുവാക്കൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഈദുൽ ഫിത്തർ പ്രമാണിച്ച് ഡൽഹിയിൽ ഷോപ്പിംഗിനുപോയി തിരിച്ച് ഹരിയാനയിലേക്ക് പോകുകയായിരുന്ന യുവാക്കളാണ് ആക്രമിക്കപ്പെട്ടത്.
ഹരിയാന സ്വദേശികളായ ജുനൈദ്, ഹാഷിം, ഷാഖിർ, മൊഹ്സിൻ എന്നിവർക്കാണ് മർദനം ഏൽക്കേണ്ടിവന്നത്. ഡൽഹിയിലെ തുക്ലഖബാദിൽനിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. ട്രെയിനിൽ കയറിയതുമുതൽ മറ്റു യാത്രക്കാർ ഇവരെ അസഭ്യം പറയാനും ആക്രമിക്കാനും തുനിഞ്ഞതായി മൊഹ്സിൻ പറയുന്നു. രണ്ടു പേർ കത്തിക്ക് കുത്തുകയും ചെയ്തു. പോലീസിനെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെയാണ് ഓടുന്ന ട്രെയിനിൽനിന്നും തങ്ങളെ തള്ളിപ്പുറത്തിട്ടതെന്ന് മൊഹ്സിൻ പറഞ്ഞു. അസവാതി റെയിൽവെസ്റ്റേഷനിലെത്തിയപ്പോഴാണ് ഇവരെ പുറത്തേക്കെറിഞ്ഞത്. ഇവരെ പാൽവാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജുനൈദിനെ രക്ഷിക്കാനായില്ല. ഷാഖിറും ഹാഷിമും ചികിത്സയിലാണ്.