ബ്രിട്ടിഷ് ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നു വിരമിച്ച എംഐ5 ഏജന്റ്. മരണക്കിടക്കയില്‍ എണ്‍പതുകാരനായ ജോണ്‍ ഹോപ്കിന്സിന്റേതാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ഏജന്റായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഹോപ്കിന്‍സ് 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്നാണ് അവകാശപ്പെട്ടത്. അതേസമയം, വാര്‍ത്ത തെറ്റാണെന്നു ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. താനടക്കമുള്ള ഏഴംഗ സംഘമാണു ബ്രിട്ടിഷ് ഭരണകൂടത്തിനു വേണ്ടി രഹസ്യ ഉന്മൂലനങ്ങള് നടത്തിയിരുന്നത്. കൊല്ലപ്പെട്ട 23 പേരിലേറെയും രാഷ്ട്രീയപ്രവര്‍ത്തകരും ജേണലിസ്റ്റുകളും ട്രേഡ് യൂണിയന് നേതാക്കളും പൊതുപ്രവര്‍ത്തരുമാണ്. താന്‍ കൊലപ്പെടുത്തിയ ഏക വനിതയാണു ഡയാന രാജകുമാരി. രാജകുടുംബാംഗമായ ഏകവ്യക്തിയും. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല.
പക്ഷേ, അവര്‍ രാജകുടുംബത്തിനു ഭീഷണിയായിരുന്നു. രാജകുടുംബം നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്കിന്‍സ് വെളിപ്പെടുത്തുന്നു. ‘ഡയാനയ്ക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. പലതും അവര്‍ പരസ്യപ്പെടുത്തുമെന്ന് അവര്‍ ഭയന്നു. എന്റെ മേധാവി പറഞ്ഞിട്ടാണ് ഞാനത് ചെയ്തത്. അവള് മരിച്ചേ തീരൂ എന്നദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിനു ഫിലിപ്പ് രാജകുമാരനില്‍ നിന്നു നേരിട്ട് ഉത്തരവുണ്ടായിരുന്നു. അതൊരു അപകടമരണമാക്കി മാറ്റണമായിരുന്നു. ഞാനതു ചെയ്തതു രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണ്’ഹോപ്കിന്‍സ് പറഞ്ഞു. അസുഖബാധിതനായ മുന്‍ ജന്റിന്, ആഴ്ചകള്‍ മാത്രമാണ് ആയുസ്സ് എന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു കഴിഞ്ഞദിവസം ആശുപത്രി വിട്ടശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. സത്യമിതാണെങ്കിലും തെളിയിക്കാന്‍ ആവശ്യമായ രേഖകളില്ലെന്ന് ഇയാള്‍ പറഞ്ഞു. ഏകസാക്ഷിയും ഇദ്ദേഹത്തിന്റെ മേധാവിയുമായിരുന്ന വ്യക്തി ഏതാനും നാളുകള്‍ക്ക് മുമ്പ് മരണപ്പെടുകയും ചെയ്തിരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തിന് ആഴ്ചകള്‍ക്കുശേഷം ഡയാന രാജകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തുവന്ന് ഉടനേയാണ് ഡയാനയെ കൊന്നത് താനാണെന്ന രീതിയിലുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.