കൂത്തുപറമ്പ്: സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന കടകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പണം തട്ടിപ്പു നടത്തുന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഉടമ കടയിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ കടയിൽ എത്തുകയും ഉടമ പണം തരാൻ പറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ചു പണം കൈക്കലാക്കി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരാളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പിണറായിയിലെ ഒട്ടേറെ കടകളിലും കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക, പാനുണ്ടറോഡിലെ കടയിലുമാണ് ഏറ്റവും ഒടുവിൽ തട്ടിപ്പ് നടന്നത്. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന കടകളാണ് ഇയാൾ മുഖ്യമായും തട്ടിപ്പ് നടത്താനായി തെരഞ്ഞെടുത്തതെന്നും കണ്ടെത്തി.
പാച്ചപ്പൊയ്ക-പാനുണ്ട റോഡിലെ വാഹന ഇൻഷ്വറൻസ് ഓഫീസിൽ നിന്നും മൂവായിരം രൂപയാണ് തട്ടിപ്പുകാരൻ കൈക്കലാക്കിയത്. സമാനമായ രീതിയിൽ ഇയാൾ പിണറായിയിലെ ലോട്ടറി സ്റ്റാളിൽ നിന്നും 1,500 രൂപയും മറ്റൊരു പലചരക്കുകടയിൽ നിന്നും 1,400 രൂപയും കൈക്കലാക്കി.
തട്ടിപ്പിനു വിധേയമായപിണറായിയിലെ ലോട്ടറി സ്റ്റാളിലെ സിസിടിവി കാമറയിൽ സുമാർ 45 വയസു പ്രായമുള്ള ഇയാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പൾസർ ബൈക്കിലെത്തി തട്ടിപ്പു നടത്തി സ്ഥലം വിടുന്നതിന്റെയും ദൃശ്യമാണ് ലഭിച്ചത്. ധർമടം, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
തട്ടിപ്പ് രീതി
കടയുടമയുടെപരിചയക്കാരൻ എന്ന വ്യാജേനയാണ് ഇയാൾ ആദ്യം കടയിലെത്തുക. ഉടമ കടയിൽ ഇല്ലെന്ന് ഉറപ്പാക്കിയശേഷം കടയിലെത്തുന്ന ഇയാൾ കടയുടമയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം ഇവിടെ ഇല്ലേ എന്ന് അന്വേഷിക്കും. ഇല്ലെന്ന മറുപടി ലഭിക്കുന്നതോടെ ജീവനക്കാരിൽ നിന്നും ഉടമയുടെ ഫോൺ നമ്പർ വാങ്ങുകയും ഉടമ തനിക്ക് പണം തരാനുണ്ടെന്ന് അറിയിക്കുകകയും ചെയ്യും. ഫോൺ നമ്പർ ലഭിച്ചാൽ ഉടമയുമായി സംസാരിക്കുകയാണെന്ന രീതിയിൽ അഭിനയിക്കും. പിന്നെ കടയിലുള്ള പണം തരാൻ ഉടമ പറഞ്ഞിട്ടുണ്ടെന്ന് ജീവനക്കാരെ അറിയിക്കുയും ഇയാൾ ആവശ്യപ്പെടുന്ന പണം ലഭിക്കുകയും ചെയ്യുന്നതോടെ സ്ഥലം വിടുകയുമാണ് പതിവ്. ഉടമ കടയിലെത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുക.