മറയൂർ: മറയൂർ മേഖലയിൽനിന്നൂം ചന്ദനം സ്ഥിരമായി കടത്തുന്ന സംഘത്തിലെ പ്രധാനിയേയും 82 കിലോഗ്രാം ചന്ദനവും പിടികൂടി. മൂന്നാർ ഫ്ളൈയിംഗ് സ്ക്വാഡാണ് ജീപ്പിനുള്ളിലെ രഹസ്യ അറകളിൽനിന്നൂം ചന്ദനത്തടികൾ കണ്ടെത്തിയത്. പഴയ മൂന്നാർ സ്വദേശി മുനിസ്വാമി (25) ആണ് പിടിയിലായത്.
കാന്തല്ലൂർ പെരടിപള്ളാം ഭാഗത്ത് കഴിഞ്ഞദിവസം രാത്രി പട്രോളിംഗ് നടത്തുന്പോൾ പെരടിപള്ളം ഭാഗത്തുനിന്നൂം മറയൂർ ഭാഗത്തേക്കുവന്ന ജീപ്പിൽനിന്നും വാഹനത്തിലുണ്ടായിരൂന്നവർ ഇറങ്ങി ഓടി. വാഹനത്തിലുണ്ടായിരൂന്ന മൂന്നുപേരിൽ മുനിസ്വാമിയെ വനപാലകർ പിന്തുടർന്ന് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് ജീപ്പിന്റെ പ്ലാറ്റ്ഫോമിലും മുകളിലും പ്രത്യേക അറകൾ നിർമിച്ച് ഒളിപ്പിച്ച ചന്ദനത്തടികൾ കണ്ടെത്തിയത്.
പെരടിപള്ളം സ്വദേശി ശേഖർ, മൂന്നാർ ലക്ഷമി എസ്റ്റേറ്റിലെ അരുണ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്ന് മുനിസ്വാമി വനപാലകർക്ക് മൊഴി നൽകി. ഇതിനുമുൻപും നിരവധിതവണ കാരയൂർ ഭാഗത്തുനിന്നും ചന്ദനമരം മുറിച്ചു വാഹനത്തിൽ മൂന്നാറിലെത്തിച്ച് മലപ്പുറം ഭാഗത്തേക്ക് കടത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നിലവിലിലെ ഉടമ മലപ്പുറം സ്വദേശിയാണ്.
പെരടിപള്ളം സ്വദേശിയായ ശേഖറാണ് തങ്ങൾക്ക് ചന്ദനം നൽകിയിരുന്നതെന്ന് മുനിസ്വാമി പറഞ്ഞു. മറയൂരിലെ സ്വകാര്യ ഭൂമിയിൽനിന്നൂം റിസർവുകളിൽനിന്നൂം ചന്ദനമരങ്ങൾ സ്ഥിരമായി മുറിക്കുന്നുണ്ടെങ്കിലും പുറത്തേക്ക് കടത്തുന്ന രീതി വനംവകൂപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചിരൂന്നില്ല. ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് ചന്ദനക്കടത്തു സംഘത്തെ പിടികൂടിയത്.
മുനിസ്വാമിയെ ദേവികൂളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഫ്ളെയിംഗ് സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിൻസ് എം. ജോണ്, കെ.ആർ. മണിക്കുട്ടൻ, എം.എം. ഷൈറജ്, ജി. ശശികുമാർ, ജോബിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് ചന്ദനവും പ്രതിയെയും പിടികൂടിയത്.