കൊച്ചി: കുറ്റവാളികൾക്കു പേടിസ്വപ്മായി പോലീസിനൊപ്പം ഇനി സ്റ്റെഫിയും ജൂലിയും. ഏതു തിരക്കിനിടയിൽനിന്നും കുറ്റവാളികളെ മണത്തറിഞ്ഞു പിടികൂടാനുള്ള ശേഷിയാണ് ഈ പോലീസ് നായകളുടെ പ്രത്യേകത. ഇന്നലെ മുതൽ ഔദ്യോഗികമായി ഇരുവരും സിറ്റി പോലീസിന്റെ ഡോഗ്സ്ക്വാഡിൽ അംഗങ്ങളായി.
ഹരിയാനയിലെ നാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഡോഗ്സിൽ (എൻടിസിഡി) പരിശീലനം പൂർത്തിയാക്കിയാണ് ഒൻപതുമാസം പ്രായമുള്ള ഡോബർമാൻ ഇനത്തിലുള്ള ജൂലിയും സ്റ്റെഫിയും സിറ്റി പോലീസിന്റെ ഭാഗമായത്. തിരക്കേറെയുള്ള കൊച്ചി നഗരഭാഗങ്ങൾ ഇനിമുതൽ ഇവരുടെ നിരീക്ഷണത്തിലാവും. കുറ്റകൃത്യം നടത്തി മുങ്ങുന്നവരെ കണ്ടെത്താൻ സൂചനകൾ നൽകിയാൽ ഏതു തിരക്കിനിടയിലും കയറിച്ചെന്നും അവരെ പിടികൂടാനുള്ള പരിശീലനം ഇവർക്കു ലഭിച്ചിട്ടുണ്ട്.
ഓടിച്ചിട്ട് കൈയ്യിൽ കടിച്ചുപിടിച്ചശേഷം എവിടെ നിന്നാണോ അയാൾ ഓടിയത് അവിടെത്തന്നെ എത്തിക്കും. കടി നിരുപദ്രവകരമാണെങ്കിലും “ഓപ്പറേഷൻ ഓവർ’ എന്ന നിർദേശം നൽകിയാലേ ഇവർ പിടിവിടൂ.
പിടിക്കപ്പെട്ടവർക്കു ശരീരത്തിൽ യാതൊരു മുറിവും ഉണ്ടാവില്ല. അത്ര വിദഗ്ധമായിട്ടായിരിക്കും ഇവരുടെ കടിയെന്നർഥം. സ്റ്റെഫിയുടെയും ജൂലിയുടെയും പ്രകടനം ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിൽ നടന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാരനെ പിടിച്ചുതള്ളിയശേഷം ഓടിനീങ്ങിയ സഹപ്രവർത്തകനെ പിന്നാലെ ഓടിയെത്തി കൈയ്ക്കു കടിച്ചുപിടിച്ചു തിരിച്ചെത്തിച്ചു. ഓപ്പറേഷൻ പൂർത്തിയായതായി നിർദേശം ലഭിച്ചശേഷമാണു പിടിവിട്ടത്. മറൈൻഡ്രൈവിലെ വാക്ക് വേയിൽ പ്രശ്നമുണ്ടാക്കിയശേഷം ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞുനിന്നയാളെയും കാഴ്ച്ചക്കാർ നേക്കിനിൽക്കെ ഇരുവരും പിടികൂടി. എസിപി കെ. ലാൽജിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.