പെരുമ്പാവൂർ: പ്രസവത്തിനായി കാറിൽ ആശുപത്രിയിലേക്കു വരികയായിരുന്ന യുവതി വാഹനം ഗട്ടറിൽ വീണതിനെ തുടർന്നു പ്രസവിച്ചു. പെരുമ്പാവൂർ പി.പി.റോഡിൽ വാത്തിയായത്ത് ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 1.50നാണ് സംഭവം.
വിവരം അറിഞ്ഞ് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റിയത്. ഇവർ സുഖമായിരിക്കുന്നു. തമിഴനാട് സ്വദേശിനിയായ സുനിത(28)യാണ് കാറിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് 2.8 കിലോ തൂക്കം ഉണ്ട്.
ആശുപത്രിക്ക് സമീപമുള്ള പഴയ പി.പി.റോഡ് ഗട്ടറായിട്ട് വർഷങ്ങളായി. നിരവധി തവണ പരാതി നൽകിയെങ്കിലും നഗരസഭയും പൊതുമരാമത്തു വകുപ്പും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നു സമീപവാസികൾ പറഞ്ഞു. ഈ വഴിയിൽ നിരവധി അപകടങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.