വൈക്കം: ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. തലയാഴം ചില്ലയ്ക്കൽ സുരേഷ് (45), ഭാര്യ സോജ (38), മക്കളായ സൂരജ് (14), ശ്രീഹരി (11) എന്നിവരെയാണ് 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു പുലർച്ചെ 6.15-ന് സുരേഷിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്.
വീട്ടിൽനിന്ന് പുക ഉയരുകയും ജനാലച്ചില്ലുകൾ പൊട്ടിത്തകരുകയും ചെയ്തതോടെ അപകടം മണത്ത നാട്ടുകാർ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ വെള്ളമൊഴിച്ചു തീയണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവരുടെ വീടിനു സമീപത്തുനിന്ന് മണ്ണെണ്ണയുടെ കാൻ പോലീസ് കണ്ടെടുത്തു.
സുരേഷിന്റെ ഇളയമകൻ ശ്രീഹരിക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. വൈക്കം മജിസ്ട്രേട്ട് മെഡിക്കൽകോളജിലെത്തി മൊഴിയെടുക്കുന്നതിലൂടെ സംഭവത്തെക്കുറിച്ച് അറിയാൻ കഴിയും. വീടിനു സമീപത്ത് ചായക്കട നടത്തിവന്ന സുരേഷ് വൈകുന്നേരം ചായക്കടയ്ക്കു സമീപത്ത് തട്ടുകടയും നടത്തിയിരുന്നു.
പലരോടായി പണം ബ്ലേഡ് പലിശയ്ക്കു വാങ്ങിയിരുന്ന ഇയാൾ വലിയ സാന്പത്തിക ബാധ്യതയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.ഏതാനും ദിവസങ്ങളായി ഇയാൾ ആരോടും അധികം സംസാരിക്കാതെ അകന്നു നടക്കുകയായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.