കൈപ്പമംഗലം (തൃശൂർ): കള്ളനോട്ടടി കേസിൽ ഒളിവിലായിരുന്ന യുവമോർച്ച നേതാവ് അറസ്റ്റിൽ. നേരത്തെ പിടിയിലായിരുന്ന രാഗേഷിന്റെ സഹോദരനും രണ്ടാം പ്രതിയുമായ ഒബിസി മോർച്ച നേതാവ് എരാശേരി രാജീവ്(28) ആണ് അറസ്റ്റിലായത്. തൃശൂരിലെ ഒളരിക്കരയിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രി പത്തിന് പോലീസ് പിടികൂടുകയായിരുന്നു.
അന്വേഷണ ചുമതലയുള്ള ഡിസിആർബി ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. എസ്പി വിജയകുമാറും പ്രതിയെ ചോദ്യം ചെയ്യാനെത്തും. അറസ്റ്റിലായ രാജീവ് ഇടയ്ക്കിടെ നടത്തിയിരുന്ന ബാംഗളുരു യാത്രകൾ സംബന്ധിച്ചും പോലീസ് ചോദ്യം ചെയ്യും. കള്ളനോട്ടുകൾ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം പോലീസ് കണ്ടെടുത്തിരുന്നു. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തിരുന്നു. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവർക്ക് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കള്ളനോട്ടുകൾ കൊടുങ്ങല്ലൂർ, ശ്രീനാരായണപുരം മേഖലയിൽ വിതരണം ചെയ്തിട്ടുണ്ടോയെന്ന് വ്യാപകമായ അന്വേഷണം പോലീസ് ആരംഭിച്ചു. ഈ മേഖലയിലെ ബിജെപി നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പലരുടെയും പെട്ടന്നുള്ള സാന്പത്തിക വളർച്ച സംശയിക്കേണ്ടതാണെന്ന് പോലീസ് പറഞ്ഞു. ഒരു ജോലിയുമില്ലാത്ത പലരും ആർഭാട ജീവിതം നയിച്ചുവരുന്നതു സംബന്ധിച്ച് ആരോപണം ഉയർന്നിട്ടുള്ളതിനാൽ അതു സംബന്ധിച്ചും അന്വേഷണം നടത്തും.