വാര്‍ത്താ ചാനലുകളില്‍ അവതാരകര്‍ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ പലപ്പോഴും കാഴ്ചക്കാരന്റെ സ്വീകരണമുറികളില്‍ ചിരി പടര്‍ത്താറുണ്ട്. അത്തരം ഒട്ടനവധി സംഭവങ്ങള്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമൊക്കെ ഉണ്ടായിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ ഒരു മലയാള വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ കടല്‍ തീരത്ത് നിന്ന്, കടല്‍ ക്ഷോഭത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കടല്‍ ശരിക്കും കലികൊണ്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് റിപ്പോര്‍ട്ടറുടെ മുകളിലൂടെയാണ് തിരമാല പാഞ്ഞത്. അദ്ദേഹം കൈയില്‍ പിടിച്ചിരുന്ന കുടയും തിര തകര്‍ത്തിരുന്നു.
ഈ മലയാളം റിപ്പോര്‍ട്ടര്‍ക്ക് ഒരു ഐറിഷ് കൂട്ടുകാരന്. അദ്ദേഹവും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഐറിഷ് ടിവി ത്രീയുടെ റിപ്പോര്‍ട്ടര്‍ ഡെറിക് ഹാര്‍ട്ടികനാണ് വാര്‍ത്തയിലെ താരം. ഐര്‍ലന്‍ഡ് എഎം എന്ന തത്സമയ പ്രഭാതപരിപാടിക്കിടെ കാലാവസ്ഥയെക്കുറിച്ച് വിവരങ്ങല്‍ നല്‍കുകയായിരുന്നു ഡെറിക്. അവതാരകന് ചോദ്യത്തിന് മറുപടി പറഞ്ഞ് തുടങ്ങിയ ഡെറിക് ”ഇപ്പോള്‍ ചെറിയ കാറ്റുണ്ട്” എന്ന് പറഞ്ഞ് തീരുകയും, എവിടുന്നോ വന്നു ഒരു ശക്തമായ കാറ്റ്. ആ കാറ്റില്‍ റിപ്പോര്‍ട്ടര്‍ ഒന്നുലഞ്ഞു, കൈയിലുണ്ടായിരുന്ന കുട പറപറന്നു. ഇത് കണ്ട അവതാരകരാകട്ടെ പരിപാടി തത്സമയമാണെന്നതൊക്കെ മറന്ന് ചിരിയും തുടങ്ങി. ഇതിനു പിന്നാലെ തകര്‍ന്ന കുടയുമായി ഡെറിക് വീണ്ടും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.