സിഡ്നി: മൂന്നു ഗ്രാന്‍പ്രീ സ്വര്‍ണം, രണ്ടു സൂപ്പര്‍ സീരീസ്, രണ്ടു സൂപ്പർ സീരീസ് പ്രീമിയർ കിരീടങ്ങൾ, ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ഇനി ശ്രീകാന്തിന്റെ മുഖം. തുടർച്ചയായി രണ്ടു സൂപ്പര്‍ സീരീസ് കിരീടങ്ങൾ നേടിയ ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ താരം എന്ന പേര് ഇനി കിഡംബി ശ്രീകാന്തിനു സ്വന്തം. ഞായറാഴ്ച നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ശ്രീകാന്ത് ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി. 22-20, 21-16നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
ലോക 11-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരാഴ്ചത്തെ ഇടവേളയിൽ നേടുന്ന രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ ശ്രീകാന്ത് മുത്തമിട്ടത്.
ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു. ഓസ്ട്രേലിയ, ഇന്തോനേഷ്യ ഓപ്പണ്‍ സീരീസുകള്‍ക്കു മുമ്പ് ഏപ്രിലില്‍ സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലും ഇന്ത്യന്‍ താരം കടന്നിരുന്നു. ഇതോടെ അന്താരാഷ്ട്രതലത്തില്‍ തുടര്‍ച്ചയായ മൂന്നു സൂപ്പര്‍ സീരീസ് ഫൈനലില്‍ കടക്കുന്ന അഞ്ചാമനും ഇന്ത്യയിലെ ആദ്യ പുരുഷ താരവുമായി.
ആദ്യ ഗെയിമില്‍ ലീഡുകള്‍ പരസ്പരം മാറിമറിഞ്ഞു. തുടക്കത്തില്‍ റാലികള്‍ കുറഞ്ഞെങ്കിലും ആക്രമണ കളിയാണ് ഇരുവരും കാഴ്ചവച്ചത്. ചെന്‍ ലോംഗിനെ കബളിപ്പിച്ച ഷോട്ടുകളും ശക്തമായ സ്മാഷുകളും പായിച്ച് ഇടവേളയ്ക്കു പിരിയുമ്പോള്‍ ശ്രീകാന്ത് 11-9ന് മുന്നിലെത്തി. എന്നാല്‍ ഇടവേളയ്ക്കുശേഷം ലോംഗ് ശക്തമായി തിരിച്ചുവന്നു. തുടര്‍ച്ചയായി മൂന്നു പോയിന്റ് നേടി 12-11ന് മുന്നിലെത്തി. ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ ചൈനീസ് താരത്തിന് മത്സരം കുറച്ചു നേരത്തേക്കു നീട്ടാനായി. 24-കാരനായ ശ്രീകാന്ത് ലോംഗിന്റെ സ്മാഷിനെ അതിജീവിച്ച് ആദ്യ ഗെയിം 22-20ന് സ്വന്തമാക്കി.
കൂടുതല്‍ കരുത്തോടെ ശ്രീകാന്ത് രണ്ടാം ഗെയിം തുടങ്ങി. മികച്ചൊരു റാലിക്കൊടുവില്‍ ശ്രീകാന്ത് ആദ്യ പോയിന്റ് നേടി. ആദ്യ ഗെയിം പോലെ തന്നെ ശ്രീകാന്തിനായിരുന്നു ലീഡ്. ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-9ന് ഇന്ത്യന്‍ താരമായിരുന്നു മുന്നില്‍. ഇടവേളയ്ക്കു ശേഷം ലോംഗ് തിരിച്ചുവരവിനു ശ്രമം നടത്തി. എന്നാല്‍ എതിരാളിയോട് ഒരനുകമ്പയും കാണിക്കാതെ ശ്രീകാന്ത് വേഗം പോയിന്റ് നേടിക്കൊണ്ട് 21-16ന് ഗെയിമും കിരീടവും സ്വന്തമാക്കി.
ഇരുവരും തമ്മിൽ ആറു തവണ ഏറ്റുമുട്ടിയതില്‍ ലോംഗിനെതിരേ ശ്രീകാന്തിന്റെ ആദ്യ ജയമായിരുന്നു. അന്താരാഷ് ട്ര തലത്തില്‍ ശ്രീകാന്ത് നേടുന്ന ഒമ്പതാമത്തെ കിരീടവും.2008 മുതലാണ് ഗുണ്ടൂര്‍ സ്വദേശിയായ ശ്രീകാന്ത് പ്രഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2014ല്‍ നടന്ന ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ മുന്‍ ലോക ഒന്നാം നമ്പറും രണ്ടു തവണ ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുമുള്ള ലിന് ഡാനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ആദ്യം ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്.
2015 ശ്രീകാന്തിന്റെ കരിയറിലെ മികച്ച കാലമായിരുന്നു. റാങ്കിംഗില്‍ ഉയര്‍ന്ന് മൂന്നാം സ്ഥാനം വരെയെത്തി. പിന്നെ ഫോമില്ലായ്മയും പരിക്കും താരത്തിന്റെ റാങ്കിംഗിനെ താഴേയ്ക്കു കൊണ്ടുപോയി. 11-ാം റാങ്കിലേക്കെത്തിച്ചു. എന്നാല്‍ ഇത്തവണത്തെ ജയങ്ങള്‍ ശ്രീകാന്തിനെ പുതിയ റാങ്കിംഗില്‍ ആദ്യ പത്തിനകത്തെത്തിക്കും. ശ്രീകാന്തും ലിന് ഡാനും ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരം പൊരുതി കീഴടങ്ങിയിരുന്നു. ഒളിമ്പിക്സിനുശേഷം ശ്രീകാന്തിന് മോശം കാലഘട്ടമായിരുന്നു. ജപ്പാന് ഓപ്പണിനിടെ വലതു കാല്‍ക്കുഴയ്ക്കു പരിക്കേറ്റു. ഇതോടെ മത്സരങ്ങളില്‍നിന്നു വിട്ടു നില്‍ക്കേണ്ടതായി വന്നു.
പരിക്കിന്റെ കാലഘട്ടത്തിലും ശ്രീകാന്ത് പരിശീലനത്തിലായിരുന്നു. ഒരു സ്റ്റൂളില്‍ ഇരുന്നുകൊണ്ടായിയുന്നു പരിശീലനം. നടക്കാനാകുമായിരുന്നില്ല. ഇരുന്നുകൊണ്ട് ഷോട്ടുകള്‍ പായിക്കാനുള്ള പരിശീലനത്തിലാണ് അക്കാലത്ത് മുഴുകിയത്. ശ്രീകാന്തിന്റെ ട്രെയിനര്‍ ഒന്നിനു പിറകെ ഒന്നായി ഷട്ടില്‍കോക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. തുടര്‍ച്ചയായ പരിശീലനം ശ്രീകാന്തിന് 2017ല്‍ ശക്തമായി തിരിച്ചുവരാനുള്ള കരുത്ത് പകര്‍ന്നു. സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു.
അതിനുശേഷം ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറിലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും ചാമ്പ്യനായി.ശ്രീകാന്തിന് ഈ ആഴ്ച റിക്കാര്ഡുകളുടേതായിരുന്നു. തുടര്‍ച്ചയായ രണ്ടു സൂപ്പര്‍ സീരീസ് ശ്രീകാന്ത് സ്വന്തമാക്കി. ഇതോടെ ഇന്ത്യന്‍ ബാഡ്മിന്റണും റിക്കാര്‍ഡ് സ്വന്തമാക്കി.ഈ വര്‍ഷം ഇതുവരെയുള്ള സൂപ്പര്‍ സീരീസ് പോരാട്ടങ്ങളില്‍ ഇന്ത്യക്കാര്‍ നാലു തവണ ജേതാക്കളായി. തുടര്‍ച്ചയായി രണ്ടു സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ശ്രീകാന്ത്. തുടര്‍ച്ചയായി മൂന്നു ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനും ശ്രീകാന്ത് തന്നെ.
കിഡംബി ശ്രീകാന്ത്
പരിശീലനം
18 വയസിനു ശേഷം, ഗോപിചന്ദ് അക്കാഡമിയില്‍ ബാഡ്മിന്റണ്‍ പരിശീലനത്തിന് ചെറുപ്രായത്തിലേ കുട്ടികള്‍ എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ശ്രീകാന്ത് 18 വയസിനുശേഷമാണ് പരിശീലനം ആരംഭിച്ചത്. വൈകിത്തുടങ്ങിയ പരിശീലനം ശ്രീകാന്തിനെ വളരെ ക്ലേശിപ്പിച്ചു. എന്നാല്‍ വിജയദാഹമുണ്ടായിരുന്ന യുവതാരത്തിന് അക്കാഡമിയിലെ പരിശീലനം മടുപ്പുണ്ടാക്കിയില്ല.
ഭക്ഷണശീലം
മധുരത്തോട് പൊതുവെ അകലം പുലര്‍ത്തുന്ന സ്വഭാവമാണ്. ഫാസ്റ്റ് ഫുഡ് ഒട്ടും തന്നെ ഇഷ്ടപ്പെടുന്നയാളല്ല . ചോറാണ് കൂടുതല്‍ താത്പര്യം. വീട്ടിലാണെങ്കില്‍ അമ്മയുണ്ടാക്കുന്ന എന്തും കഴിക്കും. യാത്രയിലാണെങ്കില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ ഭക്ഷണമാണ് കൂടുതല്‍ കഴിക്കുക.
ധോണി പ്രചോദനം
ആക്രമണസ്വഭാവമുള്ള കളിക്കാരാനാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നയാകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കൂള്‍ മെന്റാലിറ്റി ഇഷ്ടപ്പെടുന്നയാളാണ് ശ്രീകാന്ത്.
പരിശീലക സ്റ്റാഫില്‍ വിശ്വാസം
പരിക്കിന്റെ പിടിയിലാണെങ്കിലും ശ്രീകാന്തിന് പരിശീലകസംഘത്തില്‍ പൂര്‍ണവിശ്വാസമാണ്.
സ്മാഷുകള്‍
ഉയര്‍ന്നു ചാടിയുള്ള സ്മാഷുകള്‍ ശ്രീകാന്തിന്റെ ശക്തിയാണ്. ഇതില്‍ത്തന്നെ ഒരു അനുപമ ചാരുതയുണ്ട്. . കോര്‍ട്ടിന്റെ ഏതു ഭാഗത്തും സ്മാഷുകള്‍ പായിക്കാന്‍ വൈഭവമുണ്ട്.
ക്ഷമയും സ്ഥിരതയും
മുമ്പ് കളിച്ചു തോറ്റ പല മത്സരങ്ങളിലെയും പാഠം ഉള്‍ക്കൊണ്ട് കളിക്കാന്‍ ശ്രീകാന്ത് ശ്രമിക്കുന്നു. അമിതാവേശം കാട്ടി മത്സരം കൈവിടാതെ ക്ഷമയോടെ എതിരാളി വരുത്തുന്ന പിഴവിനായി കാത്തിരിക്കും. സ്മാഷുകളില്‍ കൃത്യതയും പുലര്‍ത്തുന്നു.