വിപണി വിശേഷം / കെ.ബി. ഉദയഭാനു
നിലനിൽപ്പിനായി നഷ്ടം സഹിച്ചും ചെറുകിട കർഷകർ റബർ ടാപ്പിംഗിനിറങ്ങി. കയറ്റുമതി വിപണിയിൽ വെളിച്ചെണ്ണ ചൂടുപിടിച്ചു. കുരുമുളക് വില്പന നിയന്ത്രിച്ച് നിരക്കുയർത്താൻ ഉത്പാദകർ ശ്രമം തുടരുന്നു. കാലാവസ്ഥാ മാറ്റം ചുക്കിന്റെ ഗുണമേന്മയെ ബാധിക്കുമോയെന്ന ആശങ്ക തല ഉയർത്തുന്നു. സ്വർണവിലയിൽ മുന്നേറ്റം.
റബർ
സാന്പത്തികപ്രതിസന്ധി മറികടക്കാൻ ചെറുകിട കർഷകർ റബർ തോട്ടങ്ങളിലേക്ക് തിരിയുന്നു. വരണ്ട കാലാവസ്ഥ മൂലം ഫെബ്രുവരിയിൽ ടാപ്പിംഗ് നിർത്തിവച്ചതാണ്. കാലാവസ്ഥ അനുകൂലമെങ്കിലും താഴ്ന്ന വില ഉത്പാദകരെ ഒരു പരിധി വരെ രംഗത്തുനിന്ന് പിന്തിരിപ്പിച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ മധ്യകേരളത്തിലെ ഒരു വിഭാഗം ചെറുകിട കർഷകർ ടാപ്പിംഗ് തുടങ്ങി. ഇതിനിടെ കാലവർഷം വീണ്ടും സജീവമായത് പുലർച്ചെയുള്ള ടാപ്പിംഗിനെ ചെറിയ അളവിൽ ബാധിച്ചെങ്കിലും വരുംദിനങ്ങളിൽ വെട്ട് തുടരാനാവുമെന്ന വിശ്വാസത്തിലാണ് കർഷകർ.
സംസ്ഥാനത്ത് രണ്ടാം വാരവും ലാറ്റക്സ് 8,500 രൂപയിലാണ്. ജൂലൈ ആദ്യം വ്യവസായികളുടെ കണക്കുകൂട്ടലുകൾക്കൊത്ത് ലാറ്റക്സ് വരവ് വർധിച്ചില്ലെങ്കിൽ കർഷകരെ ആകർഷിക്കാൻ അവർ നിരക്കുയർത്താം.
നാലാം ഗ്രേഡ് ഷീറ്റ് മാസമധ്യം മുതൽ 12,200 രൂപയിലാണ്. ആഭ്യന്തര അവധിവ്യാപാരത്തിൽ റബറിന് 13,000 രൂപയ്ക്കു മുകളിൽ ഇടം കണ്ടെത്താനായില്ല. ടോക്കോമിൽ വില ഇന്ത്യൻ നിരക്കിലും താഴെയാണ്. തായ്ലൻഡിൽ റബർ കിലോ 114 രൂപ. തായ്ലൻഡിന്റെ പുതിയ സാന്പത്തിക പാക്കേജുകൾ വിപണിയിൽ ചലനമുളവാക്കിയില്ല. ക്രൂഡ് ഓയിലിന്റെ വിലയിടിവ് കൃത്രിമ റബറിനെയും സ്വാഭാവിക റബർവിലയെയും ഒരു പോലെ ബാധിച്ചു.
നാളികേരം
നാളികേരോത്പന്നങ്ങൾ അല്പം തളർച്ചയിലാണെങ്കിലും വിദേശത്ത് ഇന്ത്യൻ വെളിച്ചെണ്ണയുടെ വില്പന ചൂടുപിടിച്ചു. ഗുണമേന്മയിൽ ആഗോളതലത്തിൽ ദക്ഷിണേന്ത്യൻ ബ്രാൻഡുകൾക്ക് ആവശ്യം ഉയരുകയാണ്. അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, അറബ് നാടുകൾ എന്നിവിടങ്ങളിൽ ദക്ഷിണേന്ത്യൻ വെളിച്ചെണ്ണ ഇപ്പോൾ താരമാണ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം ചരക്കിനെ പിന്തള്ളിയാണ് ഇന്ത്യൻ വെളിച്ചെണ്ണ മുന്നേറുന്നത്. കൊപ്ര സംസ്കരണത്തിൽ ദക്ഷിണേന്ത്യൻ ഉത്പാദകർ പുലർത്തുന്ന കടുത്ത നിഷ്കർഷത വെളിച്ചെണ്ണയുടെ മാറ്റു കൂട്ടി.
പിന്നിട്ട വാരം കേരളത്തിലും തമിഴ്നാട്ടിലും എണ്ണവില താഴ്ന്നു. പ്രദേശിക ഡിമാൻഡ് മങ്ങിയതും കൊപ്രയാട്ട് മില്ലുകളിൽനിന്നുള്ള വില്പന സമ്മർദവും കൊച്ചിയിൽ വെളിച്ചെണ്ണയെ 12,700ൽനിന്ന് 12,500 ലേക്കു താഴ്ത്തി. കൊപ്ര വില 8410 രൂപ.
കുരുമുളക്
ഹൈറേഞ്ച് കുരുമുളകു വരവ് ചുരുങ്ങി. ഉത്പന്നത്തിന് വിലത്തകർച്ച കർഷകരെ വില്പനയിൽനിന്ന് പിന്തിരിപ്പിച്ചു. ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയെങ്കിലും നിരക്കുയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വ്യാപാരരംഗം തയാറായില്ല. വിദേശ കുരുമുളക് ഇറക്കുമതി ഉയർന്നതിനാൽ രാജ്യാന്തര മാർക്കറ്റിൽ മലബാർ മുളക് പിന്തള്ളപ്പെട്ടു.
2016-17 കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി 37 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാന്പത്തികവർഷം 1730.42 കോടി രൂപ വിലമതിക്കുന്ന 17,600 ടണ് കുരുമുളക് കയറ്റുമതി നടത്തി. തൊട്ടു മുൻവർഷം ഇത് 28,100 ടണ്ണായിരുന്നു. അതേസമയം, ഫെബ്രുവരിയിൽ അവസാനിച്ച പത്തു മാസത്തിൽ കൊച്ചി തുറമുഖം വഴി 15,644.19 ടണ് മുളക് ഇറക്കുമതി നടത്തി. കൊച്ചിയിൽ വാരാന്ത്യം അണ് ഗാർബിൾഡ് 48,400 രൂപയിലും ഗാർബിൾഡ് മുളക് 50,400 ലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8100-8300 ഡോളറാണ്.
ഏലം
ഏലക്ക വിളവെടുപ്പ് ജൂലൈയിലേക്കു നീണ്ടത് ലേല കേന്ദ്രങ്ങളിൽ ഉത്പന്നവില ഉയർത്തി. തോട്ടം മേഖലയിൽനിന്നു ചരക്കുവരവ് ചുരുങ്ങിയതിനാൽ ലേലത്തിന് എത്തിയ ഏലക്കയിൽ ഭൂരിഭാഗവും വാങ്ങലുകാർ ശേഖരിച്ചു. സ്റ്റോക്ക് ചുരുങ്ങിയത് മികച്ചയിനങ്ങളുടെ നിരക്ക് കിലോ 1259 രൂപ വരെ ഉയർത്തി. റംസാൻ ആഘോഷങ്ങൾ കഴിയുന്നതോടെ അറബ് രാജ്യങ്ങളിൽനിന്ന് ഏലത്തിന് ഡിമാൻഡ് ഉയരാം.
ചുക്ക്
ചുക്കിന് ആഭ്യന്തര-വിദേശ അന്വേഷണങ്ങൾ മങ്ങിയത് ഉത്പന്നവില ഇടിച്ചു. ചുക്കിന്റെ ലഭ്യത കുറവാണെങ്കിലും അന്തരീക്ഷ താപനില താഴ്ന്നത് ചുക്കിന്റെ ഗുണനിലവാരത്തെ ബാധിക്കും. വിവിധയിനം ചുക്ക് 9,500-11,500 രൂപയായി താഴ്ന്നെങ്കിലും ആഭ്യന്തര ഓർഡറില്ല. കാലവർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസത്തിനകം സജീവമാക്കുന്നതോടെ ചുക്കിന് ആവശ്യക്കാർ എത്തും.
സ്വർണം
സ്വർണവില പവന് 200 രൂപ ഉയർന്നു. പവൻ 21,560ൽനിന്ന് 21,760 രൂപയായി. ഒരു ഗ്രാമിന്റെ വില 2,720 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഒൗണ്സിന് 1,254 ഡോളറിൽനിന്ന് 1,247 ലേക്ക് താഴ്ന്ന ശേഷം ക്ലോസിംഗിൽ 1257 ഡോളറിലാണ്.