അന്പലപ്പുഴ: ആരോഗ്യം കാത്തുരക്ഷിക്കേണ്ട ആതുരാലയത്തിനോടു ചേർന്നും മാലിന്യക്കൂന്പാരം.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയോടു ചേർന്നാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ജി 1,ജി 2, എച്ച് 1, എച്ച് 2, എന്നീ വാർഡുകളുടെ തൊട്ടു പിന്നിലായാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ശസ്ത്രകിയ കഴിഞ്ഞ വർ, ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നവർ, മാനസിക രോഗികൾ, അലർജി, ആസ്തമാ തുടങ്ങിയ രോഗമുള്ളവരുടെ വാർഡുകളുടെ പിന്നാന്പുറമാണ് ഇത്.
ശുചീകരണ തൊഴിലാളികൾ വാർഡുകളിൽ നിന്നും മാലിന്യം ശേഖരിച്ച് ഇവിടെ കൂട്ടിയിടുകയും പിന്നീട് ഇവ കത്തിച്ചു നശിപ്പിക്കുകയുമായിരുന്നു പതിവ്. എന്നാൽ മഴ കനത്തതോടെ ചപ്പുചവറുകൾ മഴയിൽ നനഞ്ഞു കിടക്കുന്നതിനാൽ കത്തിക്കാൻ സാധിക്കാതെ ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കാക്കകളും, നായകളും വലിച്ചിഴച്ച് പരിസരം മുഴുവൻ വൃത്തിഹീനമായ നിലയിലാണ് കിടക്കുന്നത്.
ദുർഗന്ധം കാരണം ഈ ഭാഗത്തു കൂടി സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്.കൂടാതെ ആശുപത്രി പരിസരത്തുകൂടി ഒഴുകുന്നതോടും മലിനമാണ്.ജില്ലയിലെ പ്രധാന ആതുരാലയത്തിന്റെ സ്ഥിതിയിതാണെങ്കിൽ മറ്റു സ്ഥലങ്ങളിലെ സ്ഥിതി എന്താകുമെന്നാണ് ഇവിടുത്തെരോഗികൾ പറയുന്നത്.
ചെറിയ രോഗവുമായെത്തുന്നവർ വലിയ രോഗവുമായി തിരിച്ചു പോകേണ്ട അവസ്ഥയാണിവിടെ ഉള്ള തെന്നും ഇവർ പറയുന്നു.കൊതുകുവളരാനുള്ള സാഹചര്യം ശൃഷ്ടിച്ചാൽ നിയമനടപടിയും, പിഴയും ഈടാക്കുമെന്നു പറയുന്ന ആരോഗ്യ വകുപ്പ് ആശുപത്രി പരിസരം ശ്രദ്ധിക്കാത്തതെന്താണെന്നും രോഗികളും ബന്ധുക്കളും ചോദിയ്ക്കുന്നു.