സിജോ പൈനാടത്ത്
കൊച്ചി: നാലു മാസം മുന്പായിരുന്നു ഞങ്ങളുടെ കുഞ്ഞിന്റെ ജനനം. കുഞ്ഞ് അവന്റെ അച്ഛനെ കണ്ടിട്ടില്ല. ആദ്യമായി കുഞ്ഞിനെ കാണാനുള്ള കൊതിയോടെ അടുത്തമാസം നാട്ടിലേക്കു വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. മൃതദേഹമായിട്ടെങ്കിലും അവന്റെയച്ഛനെ ഒരുവട്ടമെങ്കിലും കാണാൻ കുഞ്ഞിന് അവസരമുണ്ടാക്കാൻ ദയവുണ്ടാകണം..! കേരള മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ദൊംകലിൽനിന്ന് വീട്ടമ്മയായ ബേദിക മണ്ഡലിന്റെ വാക്കുകളാണിത്.
കേരളത്തിൽ ജോലിക്കായി എത്തിയ ഇവരുടെ ഭർത്താവ് സുബേന്ധു മണ്ഡൽ (33) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. പെരുന്പാവൂർ കണ്ടന്തറയിൽ തട്ടുകട നടത്തിവരികയായിരുന്നു സുബേന്ധു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ബന്ധുക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും സ്വന്തം നിലയിൽ അതിനുള്ള സാന്പത്തിക സ്ഥിതിയില്ല. ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെ മരിച്ചാൽ മൃതദേഹം നാട്ടിലേക്കെത്തിക്കാൻ ക്രമീകരണമുണ്ടാക്കുമെന്ന സർക്കാരിന്റെ മുൻ പ്രഖ്യാപത്തിന്റെ ചുവടുപിടിച്ചാണു കരുണ തേടിയുള്ള വീട്ടമ്മയുടെ നിവേദനം.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുളിക്കുന്നതിനിടെയാണ് സുബേന്ധു മണ്ഡൽ കുഴഞ്ഞു വീണത്. പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷം മുന്പായിരുന്നു വിവാഹം. സാന്പത്തികപ്രതിസന്ധിമൂലം ഭാര്യയുടെ പ്രസവത്തിനുമുന്പേ, തൊഴിലിനായി ഇയാൾ കേരളത്തിലേക്കെത്തി.തനിക്കു പിറന്ന ആണ്കുഞ്ഞിനു ഫോണിലൂടെ സോമോദീപ് മണ്ഡൽ എന്നു പേരു വിളിച്ചതും പെരുന്പാവൂരിൽ നിന്നായിരുന്നു. ജനുവരിയിലാണു സുബേന്ധു പെരുന്പാവൂരിലെത്തിയത്. മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പെരുന്പാവൂരിൽ ജോലി ചെയ്യുന്ന സുബേന്ധുവിന്റെ സഹോദരനും ജീവിക മെഗ്രന്റ് വർക്കേഴ്സ് മൂവ്മെന്റ് ഡയറക്ടർ ഫാ. ഷിൻ കല്ലുങ്കൽ, ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ജോർജ്, അനസ്, അബു എന്നിവരും ചേർന്ന് സുബേന്ധുവിന്റെ ഭാര്യയുടെ ആവശ്യവുമായി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. നാലു മാസം പ്രായമുള്ള കുഞ്ഞും ഭാര്യയും വൃദ്ധമാതാപിതാക്കളുമുൾപ്പെട്ട ദരിദ്രകുടുംബത്തിന്റെ ആശ്രയമായിരുന്നു സുബേന്ധു. മൃതദേഹം നാട്ടിലെത്തിക്കാൻ കേരളസർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കളും നാട്ടുകാരും.