തിരുവനന്തപുരം: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപം പൗർണമി ഹോട്ടലിലെ ജീവനക്കാരനെ ബ്രോയിലറിലെ തിളച്ചവെള്ളം ദേഹത്തൊഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ രണ്ടുപേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം പുനലൂർ കരിക്കകം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൗസ് നന്പർ44 ൽ സുജിത് (30), കൊല്ലം പുനലൂർ കരിക്കകം കുളത്തൂപ്പുഴ ഡാലി ശാന്തിനികേതൻ മനോജ്കുമാർ (41) എന്നിവരാണ് പിടിയിലായത്.
കോലിയക്കോട് മണ്‍വിള വീട്ടിൽ തുളസീധരൻ(53)ആണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ പൗർണമി ഹോട്ടലിൽ കാപ്പികുടിക്കാൻ വന്ന ഇരുവരും ആഹാരം കഴിച്ചതിനുശേഷം ഹോട്ടലിൽ വഴക്കുണ്ടാക്കുകയും പണം കൊടുക്കാതെ പുറത്തിറങ്ങി പോകാൻ ശ്രമിച്ച പ്പോൾ പണം നൽകിയിട്ടുപോകാൻ ആവശ്യപ്പെട്ട ജീവനക്കാരന്റെ ദേഹത്ത് ബ്രോയിലറിയുള്ള തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഓടിപ്പോയ പ്രതികളെ പട്രോളിംഗിലുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ സി.ബിനുകുമാർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പരിക്കേറ്റ തുളസീധരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് സിഐ ബിനു കുമാറിന്റെ നേതൃത്വത്തിൽ, എസ്ഐ ഗിരിലാൽ, എസ്പിഒ സുരേഷ്, സിപിഒ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.