വിഴിഞ്ഞം: വിഴിഞ്ഞം കോവളം മേഖലയിൽ റോഡുകളിലൂടെ ആടുകൾ വിഹരിക്കുന്നതു കാൽ നടക്കാർക്ക് ഭീഷണിയാകുന്നു. അലഷ്യമായി റോഡു മുറിച്ച് കടക്കുന്ന ആടുകളെ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നത് അപകടത്തിനു ഇടയാക്കുന്നു.
ഉടമസ്ഥരുണ്ടെങ്കിലും പരിപാലിക്കാതെ സ്വതന്ത്രമായി തുറന്നു വിടുന്ന തീരദേശത്തുകാരുടെ ശൈലിയാണ് പൊതുജനത്തിന് വിനയായത്. തീരദേശമുൾപ്പെടുന്ന മേഖലയിൽ ചെറുതും വലുതുമായി ആയിരക്കണക്കിന് ആടുകൾ വളരുന്നതായി നാട്ടുകാർ പറയുന്നു. പുല്ലുമേയാനായി അഴിച്ചു വിടുന്ന ആടുകൾ കൂട്ടമായി റോഡിലേക്കിറങ്ങുന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
കോവളം കളിയിക്കാവിള തീരദേശ റോഡിലെ ആഴകുളത്ത് ഗതാഗത സ്തംഭനത്തിനു വരെ ആട്ടിൻ കൂട്ടം വഴിയൊരുക്കി. വാഹനങ്ങളുടെ ഇരമ്പലോ ഹോൺ മുഴക്കലോകേട്ടഭാവം പോലും നടിക്കാതെ അലഷ്യമായുള്ള യാത്രയാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ആടുകളെ കാണാതാകുമ്പോൾ മാത്രം തിരക്കിയിറങ്ങുന്ന ഉടമസ്ഥർ ഇവ മൂലം വാഹനാപകടമുണ്ടായെന്നറിഞ്ഞാൽ തിരിഞ്ഞ് നോക്കാറുമില്ല. രാത്രി കാലങ്ങളിൽ തെരുവ് നായ്ക്കളെയും പകലിൽ ആടുകളെയും പേടിക്കേണ്ട ഗതികേടിലാണ് ഏറെ തിരക്കുള്ള തീരദേശ റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാർ.