വടക്കഞ്ചേരി: ദേശീയ പാതയോരത്തുനിന്ന് ലോറി മോഷണം പോയ കേസിൽ ഒഡീഷ സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ദേശീയപാത പന്നിയങ്കരയിൽനിന്നും ലോറി മോഷ്ടിച്ച കേസിലാണ് ഒഡീഷ സുന്ദർഘട്ട് സബ് ദേക്കാ താലൂക്ക് ദേവഗോണ് മനോജി തിരിക്കി (മൈക്കിൾ തിരിക്കി – 32)യെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 19നാണ് ദേശീയപാത നിർമാണത്തിനായി കരാറടിസ്ഥാനത്തിൽ ഓടിയിരുന്ന കുഴൽമന്ദം കളപ്പെട്ടി സ്വദേശി മണികണ്ഠന്റെ ലോറി മോഷണം പോയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒഡീഷയിൽനിന്നും അറസ്റ്റുചെയ്യുകയായിരുന്നു. മോഷ്ടിച്ച ലോറി ചെന്നൈയിൽ കൊണ്ടുപോയി വില്പന നടത്തിയതായാണ് വിവരം. കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.
കഴിഞ്ഞ മാർച്ച് 20നും എരേശൻ കുളത്തിനു സമീപത്തുനിന്ന് ദേശീയപാത നിർമാണത്തിനുപയോഗിച്ച ലോറി മോഷണം പോയിരുന്നു. ഇതിനു പുറകിലും ഇയാൾ തന്നെയാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മനോജി തിരിക്കിയുടെ പേരിൽ തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ സമാനമായ കേസുകളുള്ളതായാണ് വിവരം. ‘
പ്രതിയെ റിമാൻഡ് ചെയ്തു. വടക്കഞ്ചേരി സിഐ പി.എസ്.സുനിൽകുമാർ, എസ്ഐ ബോബിൻ മാത്യു, എഎസ്ഐ ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകുമാർ, സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.