തൃശൂർ: പോലീസ് സ്റ്റേഷനുകൾ കൊതുകുവളർത്തു കേന്ദ്രമാകരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. പോലീസ് സ്റ്റേഷനും പരിസരവും കൊതുകുവളരുന്നതിന് ആവശ്യമായ സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി നിർദ്ദേശിച്ചു. പോലീസ് സ്റ്റേഷൻ ഉൾപ്പടെ എല്ലാ പോലീസ് ഓഫീസ് പരിസരങ്ങളും കൊതുകുവിമുക്തമാക്കണമെന്നും അതാത് ഓഫീസ് ചുമതലയുള്ളവർ ഇക്കാര്യം ഉറപ്പാക്കണമെന്നുമാണ് ഡിജിപിയുടെ നിർദ്ദേശം.
സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനുകൾ ക്ലീൻ ആയി സൂക്ഷിക്കാനുള്ള ഈ ഉത്തരവ്. സ്റ്റേഷനിലും പരിസരങ്ങളിലും പല കേസുകളിലും മറ്റുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ, മറ്റു സാധനങ്ങൾ എന്നിവയിൽ വെള്ളം ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മറ്റു വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന കൊതുകുനിവാരണ പരിപാടികളിലും പനി പ്രതിരോധ പ്രവർത്തനങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുക്കണമെന്നും ഡിജിപി ടി.പി.സെൻകുമാർ നിർദ്ദേശം നൽകി.
കേരളത്തിന്റെ പല ഭാഗത്തും പോലീസ് സ്റ്റേഷനുകളുടെ വളപ്പിൽ നിരവധി വാഹനങ്ങളാണ് പല കേസുകളിലുമായി ബന്ധപ്പെട്ട് കിടക്കുന്നത്. തൃശൂർ ജില്ലയിൽ ചെറുതുരുത്തി സ്റ്റേഷൻ പരിധിയിൽ മണൽകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ നിരവധി വാഹനങ്ങൾ സ്റ്റേഷനു സമീപത്തും റോഡിലും കിടക്കുന്നുണ്ട്.