പള്‍സര്‍ സുനിയും ആക്രമണത്തിനിരയായ നടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന നടന് ദിലീപിന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി സംവിധായകന് ലാല്‍. അവര്‍ തമ്മില്‍ ചിരകാല പരിചയമുണ്ടെന്നോ ബന്ധമുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ലാല്‍ രംഗത്തെത്തിയത്. ഒരേ സെറ്റില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ സ്വാഭാവികമായുള്ള ഒരു പരിചയം മാത്രമേ പള്‍സര്‍ സുനിയും നടിയും തമ്മിലുള്ളുവെന്നും ലാല്‍ പറഞ്ഞു.
ഗോവയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോയിരുന്നു. കുറച്ചു പേര് ഫ്ളൈറ്റിലും മറ്റു ചിലര്‍ കാറിലുമാണ് പോയത്. ആ കാര്‍ ഓടിച്ചിരുന്നത് പള്‍സര്‍ സുനിയായിരുന്നു. ഗോവയിലെത്തിപ്പോള് സുനിയും നടിയും കണ്ടിരുന്നു. ഇക്കാര്യമാണ് ദിലീപിനോട് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ദിലീപ് തെറ്റിദ്ധരിച്ചതാകാമെന്നും ലാല്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെയാണ് ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണെന്നും ദിലീപ് പറഞ്ഞു. ആരോടൊക്കെ കൂട്ടുകൂടണമെന്ന് ചിന്തിക്കണം. തനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സംവിധായകന് ലാല്‍ പറഞ്ഞാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ദിലീപ് പറഞ്ഞിരുന്നു.