ഇന്നസെന്റ് സ്പീക്കിംഗ്! ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ക്രിമിനലുകൾ ഉണ്ടെന്നു തോന്നുന്നില്ല; കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ഇന്നസെന്‍റ്

innacent

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദങ്ങള്‍ താര സംഘടനയായ ‘അമ്മ’യില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. പക്ഷേ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ്, എന്താണെന്ന്… ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുകയുള്ളോയെന്നും അദ്ദേഹം ചോദിച്ചു. ഈ ഒരു കേസില്‍ ഇത് ഉണ്ടായി എന്ന് പറയുമ്പോള്‍, ഇപ്പോ ഇരയെന്നെ പറയാന്‍ പാടുള്ളൂ.

പേര് പറയാന്‍ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയില്‍ അഭിനയിക്കുമ്പോള്‍..? എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകള്‍ക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവാര്‍ഡ് നൈറ്റുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പോയി വന്നപ്പോഴാണ് ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്നത്. കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. അവര്‍ ശിക്ഷിക്കപ്പെടണം. സത്യം പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുകൊണ്ടുവരും. ഈ വിഷയം അമ്മയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇവിടെ ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവും ഇല്ലതാനും. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കില്‍ ആലോചിച്ചിട്ട് പറയും. സിനിമയില്‍ ക്രിമിനലുകളൊന്നും ഉള്ളതായി അറിയില്ല. നടിയുടെ പേര് പറഞ്ഞ് പരസ്യപ്രതികരണം നടത്തിയവര്‍ക്കെതിരെ പ്രതികരിക്കാനില്ല. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയന്‍ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Related posts