കുവൈറ്റ്: കുവൈറ്റി ബിസിനസ് സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിലായതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച്ചു മൂന്നു ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈറ്റികൾക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.
ഒരുവർഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവർ കോക്കസ് ആൻഡ് ഗാങ്ങർ സർവിസസ് (സികെജിഎസ്) കന്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈറ്റിലെ തങ്ങളുടെ കന്പനിയെ പരിചയപ്പെടുത്തുന്ന കത്തുൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകൾ അനുവദിക്കുക. ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവർക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകൾ ദഅ്?യയിലെ വിസ വിഭാഗത്തിൽ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കുവൈത്തി ബിസിനസ് സംരംഭകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
റിപ്പോർട്ട്: സലിം കോട്ടയിൽ