നിലന്പൂർ: ഒരുകാലത്ത് വീടിനു മുകളിൽ മുറ്റത്തുമെല്ലാമായി പടർന്നു പന്തലിച്ചു നിൽക്കുന്ന വള്ളികളിൽ പച്ചയും മഞ്ഞയും നിറത്തിൽ തൂങ്ങിക്കിടക്കുന്ന പാഷൻ ഫ്രൂട്ടുകൾ സജീവ കാഴ്ചയായിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞ വീട്ടുകാർ വെട്ടിമാറ്റിയ ഇവ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്.
പുളിയും മധുരവും കലർന്ന പാഷൻ ഫ്രൂട്ട് ഏറെ രുചികരവും അതോടൊപ്പം ഒൗഷധമൂല്യമുള്ളവയുമാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കൗണ്ട് വർധിപ്പിക്കുന്നതിനും ഇവ സഹായകമാണ്. അതിനാൽ തന്നെ ഡെങ്കിപ്പനി രോഗ ബാധിതരും ക്യാൻസർ രോഗികളുമെല്ലാം വൻ തോതിൽ ഇവ വാങ്ങാൻ തുടങ്ങിയതോടെയാണ് വീണ്ടും വീട്ടുമുറ്റങ്ങളിലേക്ക് പാഷൻ ഫ്രൂട്ട് വള്ളികൾ തിരിച്ചെത്തുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം ആർസിസിയിൽ നിന്നുൾപ്പെടെ ആവശ്യക്കാർ പാഷൻ ഫ്രൂട്ട് തേടിയെത്തുന്നുണ്ട്. പാഷൻ ഫ്രൂട്ട് രോഗികൾക്ക് ഗുണകരമാണെന്ന് ആർസിസി ഡോക്ടർമാർ നിർദേശിച്ചതായി വണ്ടൂർ സ്വദേശിയായ സ്ത്രീ പറയുന്നു.
ആവശ്യക്കാർ വർധിച്ചതോടെ ഫ്രൂട്ട് സംസ്കരിച്ച് സ്ക്വാഷാക്കി വിപണിയിൽ വിൽപ്പനയും ആരംഭിച്ചു കഴിഞ്ഞു. 500മില്ലിയുടെ കുപ്പിക്ക് 300രൂപ വരെയാണ് വില. 30മുതൽ 50 ഗ്ലാസ് ജ്യൂസ് വരെ ഒരു കുപ്പി സ്ക്വാഷ് ഉപയോഗിച്ച് ഉണ്ടാക്കാനാവും. കഴുകിയെടുക്കുന്ന കായ മുറിച്ച് ഉള്ളിലെ കഴന്പ് പുറത്തെടുത്ത് മിക്സി ഉപയോഗിച്ച് ജ്യൂസാക്കി മാറ്റിയാണ് വിപണനത്തിനായി സ്വാഷ് നിർമിക്കുന്നത്. കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഒന്നുംതന്നെ ഇതിനായി ഉപയോഗിക്കുന്നില്ലെന്ന് അകന്പാടം സ്വദേശിയായ സ്വാഷ് നിർമാതാവ് സാക്ഷ്യപ്പെടുത്തുന്നു.
പകർച്ച വ്യാധികൾ പടരുന്ന സമയമായതിനാൽ മിക്ക ആശുപത്രികൾക്കുമുൻപിലും പാഷൻ ഫ്രൂട്ട് വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇടുക്കി വയനാട് ജില്ലകളിൽനിന്നുമാണ് പ്രധാനമായും പാഷൻ ഫ്രൂട്ട് എത്തുന്നത്. ഗുണം തിരിച്ചറിഞ്ഞതോടെ ആളുകൾ വീട്ടുമുറ്റത്ത് വീണ്ടും പാഷൻ ഫ്രൂട്ട് തൈകൾ നട്ടുവളർത്തി തുടങ്ങി. ബ്രസീൽ, പരാഗ്വെ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പാഷൻ ഫ്രൂട്ട് തൈകൾ ഇന്ത്യയുൾപ്പെടെയുള്ള ഇതരരാജ്യങ്ങളിലേക്കെത്തുന്നത്.