ഒറ്റപ്പാലം: അമരാവതിയുടെ പൂമുഖത്ത് ഓർമകളുടെ പെരുമഴക്കാലവുമായി അവർ ഒത്തുകൂടി. മലയാളത്തിന്‍റെ മഹാകഥാകാരന്‍റെ എട്ടാം ചരമവാർഷികനാളിൽ തിരിമുറിയാതെ പെയ്ത തിരുവാതിര ഞാറ്റുവേലയും മഴയടക്കി ലോഹിതദാസിന്‍റെ സ്മരണകൾക്കുമുന്നിൽ തലകുനിച്ചു.
മലയാളത്തിന്‍റെ മനോഹാരിത മുഴുവൻ അഭ്രപാളികളിലേക്ക് ആവാഹിച്ച എ.കെ.ലോഹിതദാസിന്‍റെ എട്ടാം ചരമവാർഷിക ചടങ്ങുകളും സ്മരണാഞ്ജലിയും ഹൃദയസ്പർശിയായി.
പ്രിയതമന്‍റെ മരിക്കാത്ത ഓർമകൾക്കുമുമ്പിൽ ശിരസു കുനിച്ച് പുഷ്പങ്ങളിൽ മനസ് അർപ്പിച്ച് സിന്ധു ലോഹിതദാസാണ് ആദ്യം സമാധിസ്‌ഥലത്ത് പൂക്കൾ അർപ്പിച്ചത്. മക്കളായ വിജയ്ശങ്കറും ഹരികൃഷ്ണനും നിറമിഴികളോടെ പിതാവിന് തിലോദകം അർപ്പിച്ചു.
ലോഹിതദാസിന്‍റെ സ്മരണകൾ ഇരമ്പിയ അമരാവതിയിൽ കേട്ടും അറിഞ്ഞും പറഞ്ഞറിഞ്ഞും നല്ലൊരു ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. മൺമറഞ്ഞ പ്രിയ എഴുത്തുകാരന്റെ സ്മരണാഞ്ജലി ചടങ്ങിൽ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം പങ്കെടുക്കാനായതിന്റെ ചാരിതാർഥ്യം സിനിമാപ്രവർത്തകരാരും മറച്ചുവച്ചില്ല. മരിക്കാത്ത ഓർമകൾക്കു പ്രണാമം അർപ്പിക്കാൻ ലക്കിടി–പേരൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപാ നാരായണനും എത്തി.
സാംസ്കാരിക പ്രവർത്തകരുടെ കൂട്ടത്തിൽ യുവതുള്ളൽകലാകാരൻ കുഞ്ചൻ സ്മാരക ഭരണസമിതിയംഗം രാജേഷ് കിള്ളിക്കുറിശി മംഗലവും ചടങ്ങിനെത്തി. അനുസ്മരണ ചടങ്ങും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ലോഹിസ്മരണയ്ക്ക് ഒരുദിവസം മാറ്റിവച്ച് ചടങ്ങുകൾ നടക്കുമ്പോൾ പനിനീർധാരപോലെ ചാറ്റൽമഴ. എല്ലാംകഴിഞ്ഞ് പുറത്തിറങ്ങിയവരുടെ മനസിൽ അമരാവതിയുടെ പൂമുഖത്ത് അപ്പോഴും കഥകളുടെ ആഴമളന്ന കഥാകാരനായിരുന്നു.