കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ നടൻ ദിലീപിനെയും നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നതോടെ രൂപപ്പെട്ട പിരിമുറുക്തിന് അയവുണ്ടായത് ഇന്നു പുലർച്ചയോടെ.
ഇന്നലെ രാവിലെ ആലുവയിലെ ദിലീപിന്റെ വീട്ടിൽനിന്നാണു നാടകീയ സംഭവങ്ങളുടെ തുടക്കം. ഉച്ചയോടെ ദിലീപ് പോലീസ് ക്ലബ്ബിലേക്കു പുറപ്പെടുന്നു. വളഞ്ഞുപിടിച്ച മാധ്യമങ്ങളോട്, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറയുമെന്നും പറഞ്ഞ് ദിലീപ് പോകുന്നു.
12.30ന് ആലുവയിലെ പോലീസ് ക്ലബ്ബിലേക്കു ദിലീപ് എത്തിയതിനു തൊട്ടുപിന്നാലെ നാദിർഷയും എത്തുന്നു. ലൈവ് കൊടുക്കാൻ വിവിധ ചാനൽ വാഹനങ്ങൾ പുറത്തെ റോഡിൽ നിറഞ്ഞു. കോന്പൗണ്ടിനുള്ളിൽ അറുപതോളം മാധ്യമപ്രവർത്തകർ. ആരെയും കോന്പൗണ്ടിൽ കയറ്റില്ലെന്ന് ആദ്യം പറഞ്ഞ പോലീസുകാർ പിന്നീട് അയഞ്ഞു. ആദ്യ മണിക്കൂറിൽ അകത്തുനിന്ന് ഒരു വിവരവും പുറത്തുവരുന്നുണ്ടായിരുന്നില്ല. ഇതിനിടെ പുറത്തുനിന്നു ഭക്ഷണമെത്തിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഉടനെ തീരില്ലെന്നു വ്യക്തമായി.
ഇതിനിടെ ഭക്ഷണത്തിനായി അല്പം ഇടവേളയും നൽകി. ഉച്ചയ്ക്കു രണ്ടേമുക്കാലോടെ റൂറൽ എസ്പി എ.വി. ജോർജ് പോലീസ് ക്ലബിനു പുറത്തേക്ക്. ചോദ്യംചെയ്യൽ തീർന്നതായി കരുതി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞെങ്കിലും ആർക്കും പിടികൊടുക്കാതെ അദ്ദേഹം വാഹനത്തിൽ കയറി പുറത്തേക്കു പോയി. കാത്തിരിപ്പ് പിന്നെയും നീണ്ടു. ഇതിനിടെ പോലീസ് വാഹനങ്ങൾ വന്നും പോയുമിരുന്നു.
ഓരോ വാഹനവും വന്നപ്പോഴും മാധ്യമ പ്രവർത്തകർ തിക്കിത്തിരക്കി. നാലരയോടെ റൂറൽ എസ്പി തിരിച്ചെത്തിയെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇതിനിടെ വാർത്തയറിഞ്ഞും ചാനൽ വാഹനങ്ങളുടെ തിരക്കുകണ്ടും പോലീസ് ക്ലബിന്റെ ഗേറ്റിനു പുറത്ത് ആളുകൂടി. ആരെയും ഉള്ളിലേക്കു കടത്താതെ പോലീസ് നിലയുറപ്പിച്ചു.
മുറ്റത്ത് ഇരുന്നും നടന്നും മാധ്യമപ്രവർത്തകർ സമയം കഴിച്ചുകൂട്ടി. ബിസ്കറ്റും ബ്രഡ്ഡുമായിരുന്നു മിക്കവരുടെയും ഭക്ഷണം. രാത്രി ഏഴിന് ക്രൗണ് പ്ലാസയിൽ ’അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നടക്കുന്നതിനാൽ, ട്രഷററായ ദിലീപ് അതിനു മുന്പ് എന്തായാലും ഇറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ഏവരും. എന്നാൽ, ചോദ്യം ചെയ്യൽ നീണ്ടതല്ലാതെ ദിലീപ് പുറത്തേക്കു വരുന്ന സൂചനയൊന്നും കിട്ടിയില്ല. ദിലീപ് വരുമെന്ന് പ്രതീക്ഷയിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗവും നീട്ടിവച്ചു. പിന്നീട് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന എക്സിക്യൂട്ടിവ് യോഗം അവസാനിച്ചപ്പോഴും ദിലീപ് പോലീസ് ക്ലബിൽനിന്നു പുറത്തിറങ്ങിയില്ല.
പോലീസ് ക്ലബിന്റെ അകത്ത് ഓരോ നിഴൽ അനങ്ങുന്പോഴും ചോദ്യംചെയ്യൽ കഴിഞ്ഞെന്നു കരുതി മാധ്യമപ്രവർത്തകർ കാമറകൾ സജ്ജമാക്കി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഈ സമയത്തിനകം അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിന് ആക്കംകൂട്ടി വെളുപ്പിന് 12.15ഓടെ നടൻ സിദ്ദിഖും നാദിർഷയുടെ സഹോദരനും പോലീസ് ക്ലബിലെത്തി. പിന്നീട് 1.10ന് ദിലീപും നാദിർഷയും ഉൾപ്പെടെയുള്ളവർ പുറത്തേയ്ക്കെത്തിയതോടെയാണു പിരിമുറുക്കത്തിന് അയവായത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകിയശേഷം കാറിൽ ദിലീപ് കാറിൽകയറി യാത്ര തിരിച്ചതോടെയാണു മണിക്കൂറുകൾ നീണ്ടുനിന്ന പിരിമുറുക്കത്തിനു പരിസമാപ്തിയായത്. തങ്ങൾക്കു ലഭിച്ച വിവരങ്ങൾ വേഗത്തിൽ കൈമാറിയശേഷം മാധ്യമപ്രവർത്തകരും തിരികെ മടങ്ങി.