തിരുവനന്തപുരം: മഴ മാറി മാനം തെളിഞ്ഞപ്പോള്‍ കോട്ടയത്തിന്റെ താരങ്ങളുടെ മുഖത്ത് കിരീടത്തിളക്കം. സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോട്ടയം കിരീടത്തില്‍ മുത്തമിട്ടു. കോട്ടയത്തിന്റെ കിരീടപ്പോരാട്ടത്തിന് പെണ് പട നേതൃത്വം നല്കിയപ്പോള് സ്വന്തമാക്കിയത് 16 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 228 പോയിന്റ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എറണാകുളത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് കോട്ടയത്തിന്റെ കിരീടവാഴ്ച്ച .
എറണാകുളത്തിന്റെ സമ്പാദ്യം എട്ടു സ്വര്‍ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 150 പോയിന്റ്. നാലു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 147 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.
വനിതകളില്‍ കോട്ടയം, പുരുഷ വിഭാഗത്തില്‍ എറണാകുളം
പുരുഷവിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം എറണാകുളം സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 97 പോയിന്റ് എറണാകുളത്തിന്റെ പുരുഷ താരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ പാലക്കാടിന്റെ പുരുഷന്മാര്ക്ക് നേടാനായത് ഒരു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 84 പോയിന്റ്.
അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 63 പോയിന്റുമായി കോട്ടയമാണ് പുരുഷവിഭാഗത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്.ഓവറോള്‍ കിരീടം സ്വന്തമാക്കാന്‍ കോട്ടയത്തെ സഹായിച്ചത് വനിതാ താരങ്ങളുടെ മികവാര്‍ന്ന പ്രകടനമായിരുന്നു. 11സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 165 പോയിന്റുമായി കോട്ടയത്തിന്റെ പെണ്‍പട വനിതാ വിഭാഗത്തിലെ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.
മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 63 പോയിന്റുള്ള പാലക്കാട് രണ്ടാമതും രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 53 പോയിന്റോടെ എറണാകുളം വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുമെത്തി.
തലസ്ഥാനത്ത് പിറന്നത് മൂന്നു റിക്കാര്‍ഡ്
മീറ്റിന്റെ അവസാന നാളില്‍ മഴ മാറി മാനം തെളിഞ്ഞപ്പോള്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം മൂന്ന് മീറ്റ് റിക്കാര്‍ഡുകള്‍ക്കു വേദിയായി. വനിതകളുടെ സ്റ്റീപ്പിള്‍ ചേസ്, 20 കിലോമീറ്റര്‍ നടത്തം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ് എന്നിവയിലാണ് ഇന്നലെ റിക്കാര്‍ഡ് പിറന്നത്.
ഒന്നര പതിറ്റാണ്ടിനപ്പുറം പഴക്കമുള്ള പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപ് റിക്കാര്‍ഡ് ഇന്നലെ എറണാകുളത്തിന്റെ സനല്‍ സ്കറിയ തിരുത്തിക്കുറിച്ച് മേളയുടെ താരമായി. 15.98 മീറ്റര്‍ എന്ന ദൂരം സനല്‍ താണ്ടിയപ്പോള്‍ കടപുഴകിയത് 2001-ല്‍ തിരുവനന്തപുരത്തിന്റെ റോബിന് എം. വര്‍ഗീസ് സ്ഥാപിച്ച 15.85 മീറ്റര്‍ എന്ന ദൂരമാണ്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂണിയര്‍ മീറ്റിലും സനല്‍ സുവര്‍ണ നേട്ടത്തിന് അര്‍ഹനായിരുന്നു.
3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ കോട്ടയത്തിന്റെ എയ്ഞ്ചല്‍ ജയിംസ് 11 മിനിറ്റ് 20.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തിരുത്തപ്പെട്ടത് പാലക്കാടിന്റെ വി.വി. ശോഭ 2014-ല്‍ സ്ഥാപിച്ച 11 മിനിറ്റ് 29.79 സെക്കന്‍ഡ് എന്ന സമയം. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തില്‍ സ്വര്‍ണ കുതിപ്പ് നടത്തിയ കോട്ടയത്തിന്റെ കെ. മേരി മാർഗരറ്റ് ഒരു മണിക്കൂര്‍ 49 മിനിറ്റ് 43.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മീറ്റ് റിക്കാര്‍ഡിന് ഉടമയായത്.
2013-ല്‍ പാലക്കാടിന്റെ മീഷ്മ സ്ഥാപിച്ച രണ്ടു മണിക്കൂര്‍ മൂന്നു മിനിറ്റ് 25.70 സെക്കന്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഈ ഇനത്തില്‍ വെള്ളിനേട്ടത്തിന് അര്‍ഹയായ കോട്ടയത്തിന്റെ തന്നെ ടെസ്നാ ജോസഫ് ഒരു മണിക്കൂര്‍ 53 മിനിറ്റ് 59.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ നിലവിലുള്ള മീറ്റ് റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനവും നടത്തി.
വനിതകളുടെ 200 മീറ്ററില്‍ മലപ്പുറത്തിന്റെ യു.വി ശ്രുതിരാജ് (25.17) സ്വര്‍ണവും കോട്ടയത്തിന്റെ വി.കെ വിസ്മയ (25.65) വെള്ളിയും നേടി. 800 മീറ്ററില്‍ പാലക്കാടിന്റെ സി ബബിത ( 2:18.11) സ്വര്‍ണവും കോട്ടയത്തിന്റെ ആതിര ശശി( 2:18.76 ) വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 200 മീറ്ററില്‍ കൊല്ലത്തിന്റെ എസ്. ലിഖിന്‍(22.53 ) സ്വര്‍ണവും പാലക്കാടിന്റെ എം. മനീഷ് (22.61) വെള്ളിയും സ്വന്തമാക്കി.
ഷൂസില്ലാതെ മത്സരത്തിനെത്തിയ താരത്തെ പുറത്താക്കി
തിരുവനന്തപുരം: ഷൂസ് ഇല്ലാത്തതിന്റെ പേരില്‍ കായിക താരത്തെ മത്സരത്തില്‍ പങ്കെടുപ്പിച്ചില്ല. സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ 10000 മീറ്റര്‍ ഓട്ടമത്സരത്തില്‍ നിന്നാണ് വെഞ്ഞാറമൂട് കരിങ്കുറ്റിക്കര പൂവത്തൂര്‍ തോട്ടരികത്ത് സജീവ് (24).ഒഴിവാക്കിയത്. 10000, 5000 മീറ്ററുകളില്‍ ജില്ലാതലത്തില്‍ മികച്ച പ്രകടനവുമായാണ് സജീവ് സ്റ്റേറ്റ് മീറ്റില്‍ പങ്കെടുക്കാനെത്തിയത്. മീറ്റിന്റെ ആദ്യദിനത്തില്‍ 5000 മീറ്ററില്‍ കടം വാങ്ങിയ ഷൂസുമായാണ് ഓടിയത്. ഈ മത്സരത്തിനിടെ കനത്ത മഴ പെയ്തു.
കനത്ത മഴയ്ക്കിടെ നടന്ന പോരാട്ടത്തില്‍ കടം വാങ്ങിയ ഷൂസ് നനഞ്ഞ് കുതിര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 10000 മീറ്ററില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ നനഞ്ഞ ഷൂസ് ഉണങ്ങിയിട്ടില്ല. ഇതേ തുടര്‍ന്ന് ഷൂസില്ലാതെ മത്സരത്തിനെത്തിയ സജീവിനോട് ഷൂസില്ലാതെ സിന്തറ്റിക് ട്രാക്കില്‍ ഓടാനാവില്ലെന്ന് സംഘാടകര്‍ നിലപാട് എടുത്തു. ഇതോടെ മത്സരത്തിനിറങ്ങാനാവാതെ സജീവ് കാഴ്ചക്കാരനായി. സംഘാടകരുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
തോമസ് വര്‍ഗീസ്