കണ്ണൂർ: കണ്ണൂരിലെ സോളാർ തട്ടിപ്പു കേസിൽ തെളിവെടുപ്പിനായി കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജൂലൈ 12 ലേക്കു മാറ്റി. ഇന്നലെ കോടതി കേസെടുത്തപ്പോൾ രണ്ടാംപ്രതി സരിത നായരും രണ്ടു സാക്ഷികളും ഹാജരാകാത്തതിനെത്തുടർന്നാണ് കേസ് മാറ്റിവച്ചത്.
എന്നാൽ കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായിരുന്നു. മൂന്നാംപ്രതി കൊടുങ്ങല്ലൂരിലെ മണിമോൻ എന്ന മണിലാലും നാലാംപ്രതി തൊടുപുഴയിലെ സന്തോഷ്കുമാറും ബിജുവിനൊപ്പം കണ്ണൂർ കോടതിയിൽ ഹാജരായിരുന്നു.
ഈ കേസിലെ ഒന്നാം സാക്ഷി ഡോ. ജനാർദനൻ നായരെ വീണ്ടും വിളിപ്പിച്ച് വിചാരണ ചെയ്യാൻ സരിതയുടെ അഭിഭാഷകൻ പി.സി. മുകുന്ദൻ കോടതിയോട് അപേക്ഷിച്ചു. ഡോ. ജനാർദനൻ നായരെ വീണ്ടും വിളിച്ച് വിചാരണ ചെയ്യാൻ കോടതി ഉത്തരവായി.