സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം വാര്ധക്യമെന്നത് അസുഖങ്ങളോട് മല്ലിട്ട് ആശുപത്രിയോടും മരുന്നുകളോടും കൂട്ടുകൂടുന്ന കാലമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിക്ക് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. വയസ്സ് 131 ആയെങ്കിലും പതിനാറിന്റെ ചുറുചുറുക്കാണ് ചൈനയിലെ ആലിമിഹാന്‍ സെയ്തി എന്ന മുത്തശ്ശിയ്ക്ക്. ലളിതമായ ഡയറ്റും നീളന്‍ നൂഡില്‍സുമാണത്രേ ഈ മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം. ന്യൂഡില്‍സ് നിര്‍മാണ കമ്പനികള്‍ക്ക് ഇനി ഇതില്‍പ്പരം പരസ്യം വേറെന്തു ലഭിക്കാനാണ്. 1886 ജൂണ്‍ 25-നാണ് സെയ്തി ജനിച്ചത്. 5 തലമുറയില്‍പ്പെട്ട പേരക്കുട്ടികള്‍ അടക്കം 56 പേര്‍ക്കൊപ്പമാണ് ഈ ലോക മുത്തശ്ശി ഇത്തവണ തന്റെ 131 ാം പിറന്നാള്‍ ആഘോഷിച്ചത്.
ആര്ഭാടത്തോടെയൊന്നുമല്ല ആഘോഷിച്ചതെങ്കിലും ഈ പിറന്നാളോടെ ലോകമുത്തശ്ശിപ്പട്ടമാണ് സെയ്തിയെ തേടിയെത്തിയത്. പിറന്നാള്‍ സമ്മാനമായി തന്റെ പ്രിയപ്പെട്ടവര്‍ മുത്തശ്ശിക്ക് സമ്മാനിച്ചതിലധികവും നൂഡില്‍സ് പായ്ക്കറ്റുകള്‍ തന്നെയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ്സ് നേര്‍ന്നുകൊണ്ട് നീളന്‍ നൂഡില്‍സുകള്‍ സമ്മാനിക്കുകയെന്നത് ചൈനക്കാരുടെ രീതിയാണ്. പിറന്നാളിന് കേക്കിനുപകരം സെയ്തി കഴിച്ചത് തന്റെ പ്രിയപ്പെട്ട പൊരിച്ച ബണ്ണും നൂഡില്സുമായിരുന്നു. വാര്‍ധക്യസഹജമായി ഉണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമെല്ലാം സെയ്തിക്ക് അന്യമാണ്. ഈ മുത്തശ്ശിയുടെ വിനോദത്തിനുമുണ്ട് അല്പം പ്രത്യേകത. ചെറുപ്പകാലത്ത് കേട്ടിരുന്ന പ്രണയഗാനങ്ങള്‍ പാടുകയാണ് പ്രധാന വിനോദം. സസ്യാഹാരങ്ങളോടാണ് കൂടുതല്‍ പ്രിയമെങ്കിലും ആഴ്ചയിലൊരിക്കല്‍ ഇറച്ചിയും കഴിക്കാറുണ്ട്. നടക്കുമ്പോള്‍ ഒരു ധൈര്യത്തിന് ഊന്നുവടി കൈയ്യില്‍ ഉണ്ട് എന്നതൊഴിച്ചാല്‍ ലോകമുത്തശ്ശി ഇപ്പോഴും മിടുമിടുക്കിയാണ്.