പത്തനാപുരം: പൊതുജനത്തിന് വിതരണം ചെയ്യുന്ന റേഷൻ കാർഡുകളിലെ തെറ്റുകുറ്റങ്ങൾക്ക് കുറവില്ല. വകുപ്പ് അധികൃതരുടെ അനാസ്‌ഥയിൽ അർഹതപ്പെട്ടവർക്ക് പോലും ബിപിഎൽ കാർഡ് നഷ്‌ടമായി.
പത്തനാപുരം കടശേരിയിലെ നിർധന കുടുംബത്തിന് ലഭിച്ചത് സമ്പന്നർക്ക് കൊടുക്കുന്ന വെളള നിറത്തിലുളള എപിഎൽ കാർഡ്. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കടശേരി എലപ്പക്കോട് തടത്തിൽ വീട്ടിൽ പൊന്നമ്മ (46)യ്ക്കാണ് എപിഎൽ കാർഡ് ലഭിച്ചത്.
കൂടാതെ റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന മുഴുവൻ വിവരങ്ങളും തെറ്റാണ് . ഗൃഹനാഥയായ 45 കാരി പൊന്നമ്മയ്ക്കും 19 വയസുളള മകനും 46 വയസ് എന്നാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 48 വയസുളള ഭർത്താവ് മധുവിന് പ്രായം 45. അച്ഛനേക്കാൾ ഒരു വയസ് കൂടുതലാണ് മകന് റേഷൻ കാർഡിൽ.
ഇത്തരത്തിലുളള വിചിത്രമായ തെറ്റുകൾ നിറഞ്ഞ റേഷൻകാർഡുകളാണ് പൊതുവിതരണ വകുപ്പ് കിഴക്കൻ മേഖലയിൽ വിതരണം ചെയ്തിരിക്കുന്നത്. ടാപ്പിംഗ് തൊഴിൽ ചെയ്തും കൂലിവേല ചെയ്തുമാണ് ഈ നിർധന കുടുംബം കഴിയുന്നത്. കഴിഞ്ഞ ദിവസം റേഷൻകട വഴി കാർഡ് കിട്ടിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
ഇത്തവണ വിവരശേഖരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവരോട് തന്റെ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ബിപിഎൽ കാർഡ് ലഭിക്കുന്നതിനായുളള സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ബിപിഎൽ കാർഡ് ലഭിക്കണമെന്നാവശ്യപ്പെട്ട് പൊന്നമ്മ പൊതുവിതരണ വകുപ്പ് അധികൃതർക്ക് പരാതി നൽകി.