കട്ടപ്പന: ’സുരേന്ദ്രൻനായർ സാറും പരിവാരങ്ങളും സുഖമായി ജീവിക്കുന്നു; ഞങ്ങൾ ഇവിടെ ആത്മഹത്യചെയ്യാൻ ആലോചിക്കുകയാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ യാതൊരു നിവൃത്തിയുമില്ല. കുട്ടികളെ പഠിപ്പിക്കാനോ, പെണ്മക്കളെ കെട്ടിച്ചയയ്ക്കാനോ ആണ്കുട്ടികൾക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താനോ കഴിയുന്നില്ല. സ്ഥലം ഏറെയുണ്ടെന്നുപറഞ്ഞിട്ടു കാര്യമില്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ മക്കളുടെ വിവാഹംപോലും പ്രതിസന്ധിയിലായിരിക്കുകയാണ്…’ ആനവിലാസത്തുള്ള ഒരു കർഷകൻ സുഹൃത്തിനെഴുതുന്ന കത്തിന്റെ തുടക്കമിതായിരിക്കുമെന്ന് നൂറുശതമാനവും ഉറപ്പാണ്.
അറിഞ്ഞുകൊണ്ട് എന്തെങ്കിലും ചെയ്തതുകൊണ്ടല്ല ആനവിലാസം വില്ലേജിലെ അറുന്നൂറോളം ആളുകൾ സർക്കാർരേഖയിൽ ഭൂരഹിതരായിരിക്കുന്നത്. റീസർവേ എന്നപേരിൽ ഒരു സർക്കാർ നടപടി വില്ലേജിൽ നടപ്പാക്കുന്നതറിഞ്ഞ് റീസർവേ നടപടിക്കായി റവന്യു അധികാരികൾക്ക് അപേക്ഷ നൽകിയതാണ് ഇവർചെയ്ത ’പിശക്’. സർക്കാരിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് ഭൂമി റീസർവേ നടത്തി ബിടിആർ ബുക്കിൽ സ്ഥല സ്വഭാവം രേഖപ്പെടുത്തണമെന്നുണ്ട്. രാജ്യത്തെ മുഴുവൻ ഭൂമിയിലും ഈ നടപടി നടക്കുന്നതാണ്. ഇങ്ങിനെയാണ് 2006 -07 കാലഘട്ടത്തിൽ ആനവിലാസത്തും റീസർവേ ആരംഭിച്ചത്.
അന്ന് പീരുമേട് റീസർവേ സൂപ്രണ്ട് ഓഫീസിലെ ഹെഡ് സർവയർ സി.ആർ. സുരേന്ദ്രൻനായരും ഫസ്റ്റ് ഗ്രേഡ് സർവേയർ പി. മണിക്കുട്ടനുംചേർന്ന് ആളുകളുടെ സ്ഥലം റീസർവേ ചെയ്തു 420 കർഷകരുടെ പേരിൽ തണ്ടപ്പേര് പിടിച്ചു. സുരേന്ദ്രനും മറ്റുള്ളവരുംചേർന്ന് തണ്ടപ്പേരുപിടിച്ച വ്യക്തികൾക്ക് അവകാശം അനുവദിച്ചുകൊടുത്തു. ഭൂമി മുഴുവൻ ഇപ്പോൾ സർക്കാർ കൈവശപ്പെടുത്തിയ അവസ്ഥയാണ്.
സുരേന്ദ്രൻനായർ പിടിച്ച തണ്ടപ്പേരുകൾ മുഴുവൻ സർക്കാർ റദ്ദാക്കി. അധികാര ദുർവിനിയോഗവും ചട്ടലംഘനവും അഴിമതിയും നടത്തിയാണ് സുരേന്ദ്രൻനായർ സ്ഥലം പോക്കുവരവ് നടത്തി നൽകിയിരിക്കുന്നതെന്ന് സർവേ ഡയറക്ടർ കണ്ടെത്തിയതിനെതുടർന്നാണ് 2010 മുതൽ ആനവിലാസം വില്ലേജിലെ കർഷകരുടെ ഭൂമിയുടെ അവകാശം തടഞ്ഞിരിക്കുന്നത്. ഇതോടെ കർഷകരുടെ കരം അടയ്ക്കലും മുടങ്ങി. കരം അടയ്ക്കാത്ത ഭൂമിയിൽ കർഷകർക്ക് നിയമപരമായി യാതൊരു അവകാശവും ഇല്ല. ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കാർഷിക ആനുകൂല്യങ്ങൾ നേടാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
സുരേന്ദ്രൻനായർ ചെയ്ത തെറ്റിന് കർഷകർ ശിക്ഷ അനുഭവിക്കേണ്ട ഗതികേടാണ് സംഭവിച്ചിരിക്കുന്നത്. പേരാന്പ്ര ചക്കിട്ടപ്പാറ ചെന്പനോട വില്ലേജ് അസിസ്റ്റന്റ് നടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തി അനാഥരാക്കിയത് കാവിൽപുരയിടം ജോയിയുടെ കുടുംബത്തെയാണ്.
നെടുങ്കണ്ടം മേലേചെമ്മണ്ണാർ ചിട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി (44)ജീവനൊടുക്കിയതും ഇവരുടെ പേരിലുള്ള 2.70 ഏക്കർ സ്ഥലത്തിന്റെ കരം അടയ്ക്കാൻ വില്ലേജ് ഉദ്യോഗസ്ഥർ അനുവദിക്കാത്തതിന്റെപേരിലായിരുന്നു. 2016 ജബലൈ ഒൻപതിനായിരുന്നു സംഭവം. ഈ സംഭവത്തിലും അനാഥരായത് ആ കുടുംബമാണ്. അതേ അവസ്ഥയിലാണ് സുരേന്ദ്രൻനായരുടെ പ്രവർത്തിമൂലം സ്വന്തം ഭൂമിയിൽ അനാധരാക്കപ്പെട്ട ആനവിലാസത്തെ കർഷകരും.
റീസർവേയുമായി ബന്ധപ്പെട്ട് സി.ആർ. സുരേന്ദ്രൻനായർ വ്യാജരേഖ ചമച്ച് ഭീമമായ കൃത്രിമം നടത്തിയതായാണ് സർവേ ഡയറക്ടർ അന്വേഷിച്ചു കണ്ടെത്തി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ടു നൽകിയിരിക്കുന്നത്. സർവേ സൂപ്രണ്ട് ഓഫീസിലെ ഹെഡ് സർവയർ സി.ആർ. സുരേന്ദ്രൻനായർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഫസ്റ്റ് ഗ്രേഡ് സർവയർ പി. മണിക്കുട്ടൻ ഉൾപ്പെടെയുള്ളവർക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് സർവേ ഡയറക്ടറുടെ ശിപാർശ.
അന്പതിലേറെ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 57 നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. മണിക്കുട്ടൻ, ശ്രീരാജൻ, മനോജ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ശിപാർശയുള്ളത്. എന്നാൽ ഹെഡ് സർവെയർ എല്ലാ സർവീസ് ആനുകൂല്യങ്ങളോടെയും സർവീസിൽനിന്നും റിട്ടയറായി. മറ്റുള്ളവർ ഉയർന്ന തസ്തികയിൽ പ്രമോഷനുമായി സുഖമായി കഴിയുന്നു. ഇവർക്കെതിരെ യാതൊരു അന്വേഷണവും നടപടിയും പിന്നീട് ഉണ്ടായില്ല. ആനവിലാസത്തെ കർഷകർക്കുമാത്രം ലഭിച്ചിരിക്കുന്ന ശിക്ഷ ഏഴുവർഷം പിന്നിടുകയാണ്.
ചക്കുപള്ളം വില്ലേജിന്റെ ഭാഗമായിരുന്ന പ്രദേശം ആനവിലാസം വില്ലേജ് രൂപീകരിച്ച് അങ്ങോട്ടു മാറ്റിയതോടെ കണ്ടെത്തിയ സർവേ നന്പരിലെ പിശക് ഇരുന്നൂറോളം കർഷകരുടെ ഭൂമിയും അന്യാധീനമാക്കി. ഇവർക്കും കരമടച്ച് ഭൂമിയുടെ വിനിയോഗം സുഗമമാക്കാൻ കഴിയുന്നില്ല.
അഴിച്ചാൽ അഴിയാത്ത കുരുക്കോ തീരുമാനിച്ചാൽ തീരാത്ത പ്രശ്നങ്ങളോ ആനവിലാസം വില്ലേജിലില്ല. റീസർവേ നടത്തി ഭൂമിയുടെ ഉടമസ്ഥതയും സർവേ നന്പരുകളും ക്രമപ്പെടുത്തുകയെന്ന ലളിതമായ ജോലിമാത്രമേ ചെയ്യേണ്ടതുള്ളൂ. അതിനു ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയും അഴിമതിക്കുള്ള അവസരം സൃഷ്ടിക്കാതിരിക്കുകയുമാണ് വേണ്ടത്. അതു ചെയ്യിപ്പിക്കാൻ ജനങ്ങളോടു കടപ്പാടുള്ള നേതൃത്വം വേണമെന്നുമാത്രം.