അവളുടെ മുഖത്തേയ്ക്ക് നോക്കുമ്പോഴെല്ലാം ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്! പിതാവിന്റെ ക്രൂരതയില്‍ മുഖം നഷ്ടപ്പെട്ട ജൂലിക്ക് ഒടുവില്‍ ജീവിതം തിരിച്ചുകിട്ടുമോ? യുപിയിലെ ഏഴുവയസ്സുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ ഒരുങ്ങുന്നു

hthdthdതന്നെയുപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത മുന്‍ഭാര്യയോട് മനീഷിനുതോന്നിയ വൈരാഗ്യമാണ് ജൂലീകുമാരി എന്ന പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തത്. അമ്മയെ ലക്ഷ്യമാക്കി അച്ഛന്‍ വലിച്ചെറിഞ്ഞ ആസിഡ് വീണത് ജൂലിയുടെ മുഖത്തും ശരീരത്തുമായിരുന്നു. മൂന്നുവര്‍ഷമായി നരകജീവിതം നയിക്കുന്ന ഈ ഏഴുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള യത്‌നത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. ഉത്തര്‍ പ്രദേശിലെ ഫത്തേപ്പുര്‍ സ്വദേശിയായ ജൂലിയ്ക്കു വേണ്ടിയുള്ള ശസ്ത്രക്രിയാ പരമ്പരകളില്‍ ആദ്യത്തേതിന് ഒരുങ്ങുകയാണവര്‍. നാലാം വയസ്സിലാണ് ജൂലിക്ക് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മുഖത്തും കഴുത്തിലും കൈകളിലും നെഞ്ചിലും ആസിഡ് പൊള്ളലേല്‍പ്പിച്ചു. ശരീരത്തിന്റെ ഒരുഭാഗമപ്പാടെ അടര്‍ന്നതുപോലെയായി. തന്റെ തുച്ഛവരുമാനം കൊണ്ട് മകളെ ചികിത്സിക്കാനാവാതെ ജൂലിയുടെ അമ്മ റാണിദേവി ഈ വേദന കടിച്ചമര്‍ത്തി ജീവിക്കുകയാണ്. മകളുടെ വികൃതമായ മുഖം കാണുമ്പോള്‍ ഓരോ നിമിഷവും താന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. തന്നെ ഉപേക്ഷിച്ചുപോയ റാണി മറ്റൊരു വിവാഹം കഴിച്ചതാണ് മനീഷിനെ കുപിതനാക്കിയത്. റാണിയും അവരുടെ പുതിയ ഭര്‍ത്താവ് ഹീരാലാലും കിടന്നുറങ്ങുമ്പോള്‍ ആസിഡ് ഒഴിക്കാനായിരുന്നു മനീഷിന്റെ പദ്ധതി.

hdfhdhddhd

എന്നാല്‍, ആസിഡ് വീണത് ജൂലിയുടെയും ഹീരാലാലിന്റെയും ദേഹത്ത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഹീരാലാല്‍ പിന്നീട് അണുബാധയേറ്റ് ആശുപത്രിയില്‍ മരിച്ചു. മുഖത്തും ശരീരത്തിന്റെ മേല്‍ഭാഗത്തും 40 ശതമാനത്തോളം പൊള്ളലേറ്റ ജൂലിയെ പത്തുദിവസത്തിനുശേഷം ആശുപത്രിയില്‍നിന്ന് വിട്ടു. ജൂലിയുടെ നരകതുല്യമായ ജീവിതം കണ്ട സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് അവളുടെ ചികിത്സയ്ക്കായി പ്രവര്‍ത്തിച്ചുവരുന്നത്. ആസിഡ് ആക്രമണത്തിന് വിധേയരാകുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഛാന്‍വ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകനായ അലോക് സിങ് ജൂലിയെക്കുറിച്ച് അറിയുകയും അവളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജൂലിയുടെ മുഖം നേരെയാക്കാനുള്ള ശസ്ത്രക്രിയകള്‍ക്ക് തയ്യാറെടുക്കുന്നത്. കഴുത്ത് കൂടിപ്പിടിച്ചിരിക്കുന്നതിനാല്‍ മുഖം അനക്കാനാവാത്ത അവസ്ഥയിലാണ് ജൂലി ഇപ്പോള്‍. ഈ ത്വക്ക് മുറിച്ച് മുഖം അനക്കാവുന്ന സ്ഥിതിയിലെത്തിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. ഇടതുകണ്ണിന് അടുത്തമാസവും ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. മുഖത്തിന്റെ പൂര്‍വരൂപം വീണ്ടെടുക്കുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറികളും പിന്നാലെ നടക്കും.

Related posts