കോട്ടയം: മുണ്ടക്കയത്ത് തോട്ടം തൊഴിലാളികൾക്കു നേരെ പി.സി. ജോർജ് എംഎൽഎ തോക്കു ചൂണ്ടി സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നു മുണ്ടക്കയം വെളളനാടി ഹാരിസണ് പ്ലാന്റേഷൻ റബർ എസ്റ്റേറ്റിൽ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയ പി.സി.ജോർജ് എംഎൽഎ തോട്ടം തൊഴിലാളികൾക്കു നേരെ തോക്കു ചൂണ്ടുകയായിരുന്നു.
സംഭവത്തിൽ തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു എംഎൽഎയ്ക്കെതിരെ കേസെടുക്കുന്നത്. എംഎൽഎ തങ്ങൾക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണു തൊഴിലാളികൾ പോലീസിൽ പരാതി നല്കിയിരിക്കുന്നതെന്നും എന്നാൽ ഇതു സംബന്ധിച്ചു ഒരു പരാതിയും പി.സി. ജോർജ് ഇതു വരെ നൽകിയിട്ടില്ലന്നും മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം രാഷ്്ട്രദീപികയോടു പറഞ്ഞു.
എസ്റ്റേറ്റിനോട് ചേർന്നു മണിമലയാറിന്റെ തീരത്തു താമസിക്കുന്ന 50ൽപ്പരം കുടുംബങ്ങൾക്ക് പുറംലോകത്തേക്കു കടക്കാനുളള ഏക മാർഗം തോട്ടത്തിലൂടെയാണ്. ഇവർ വീടിന്റെ വശങ്ങളിൽ കന്നുകാലികളുടെ ശല്യം വർധിച്ചതോടെ വേലികെട്ടിത്തിരിച്ചതാണ് പ്രശ്നത്തിനു കാരണമായതെന്നു പറയുന്നു. ചില കുടുംബങ്ങൾ വാട്ടർ ടാങ്ക് സ്ഥാപിച്ചതും വിടിന്റെ മുൻവശമിറക്കികെട്ടിയതും കന്പനിയുടെ ഉമസ്ഥതയിലുള്ള തോട്ടത്തിലാണെന്നാരോപിച്ചു ബുധനാഴ്ച മാനേജ്മെന്റു പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേർന്ന് എത്തി പൊളിച്ചു നീക്കിയിരുന്നു.
തങ്ങൾ തോട്ടത്തിലല്ല വേലികെട്ടിയതും നിർമാണ പ്രവർത്തനം നടത്തിയതെന്നും വിവരാവകാശ നിയമപ്രകാരം പുറന്പോക്കാണെന്നു കണ്ടെത്തിയ സ്ഥലത്താണന്നും കാണിച്ചു പുറന്പോക്ക് നിവാസികൾ പി.സി. ജോർജ് എംഎൽഎക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചതായിരുന്നു എംഎൽഎ. പുറന്പോക്കു നിവാസികളുമായി എംഎൽഎ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ കൂട്ടത്തോടെ തൊഴിലാളികൾ സ്ഥലത്തെത്തി. ഇതിനിടെ തൊഴിലാളികൾക്കെതിരായി എംഎൽഎ സംസാരിച്ചതായി തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾ എംഎൽഎക്കെതിരെ ബഹളം വയ്ക്കുകകയും ചെയ്തു.
വേലി പൊളിക്കാൻ വരുന്ന തൊഴിലാളികൾക്കു നേരെ ആസിഡ് ഒഴിക്കാൻ പുറന്പോക്കുകാരോട് എംഎൽഎ പറഞ്ഞതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികൾ എംഎൽഎക്കെതിരേ മുദ്രാവാക്യം മുഴക്കി. തുടർന്നു എംഎൽഎ വാഹനത്തിൽ കരുതിയിരുന്ന തോക്കു തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ തോട്ടം തൊഴിലാളികൾ എംഎൽഎക്കെതിരേ ഗോബാക്കു വിളിക്കുകയും ബഹളം രൂക്ഷമാവുകയും ചെയ്തു. മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണു രംഗം ശാന്തമാക്കിയത്. കാഞ്ഞിരപ്പളളി ഡിവൈഎസ്പി പോൾ ഇമ്മാനുവലും സ്ഥലം സന്ദർശിച്ചിരുന്നു.
തോക്കെടുക്കേണ്ട സാഹചര്യമുണ്ടാക്കിയതു ഗുണ്ടകൾ: പി.സി. ജോർജ്
മുണ്ടക്കയം: മണിമലയാറിന്റെ തീരത്ത് തലമുറകളായി കഴിയുന്ന 52 വീട്ടുകാർക്കുനേരേ എസ്റ്റേറ്റ് ഗുണ്ടകൾ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതായുള്ള പരാതി അന്വേഷിക്കാനാണ് താൻ വെള്ളനാടിയിലെത്തിയതെന്ന് പി.സി. ജോർജ് എംഎൽ എ വ്യക്തമാക്കി. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റിനോടു ചേർന്ന് താമസിക്കുന്ന മൂന്നു സെന്റുകാരായ താമസക്കാരെ ഒഴിപ്പിക്കാൻ കാലങ്ങളായി ശ്രമം നടക്കുന്നു. രാത്രി തങ്ങളെ അപമാനിക്കാൻ ഗുണ്ടകൾ മദ്യപിച്ചെത്തുന്നതായി പരാതിപ്പെട്ടപ്പോൾ അവർക്കു നേരേ ആഡിഡ് ഒഴിക്കാൻ ഭയപ്പെടേണ്ടെന്നും കേസ് താൻ നടത്തിക്കൊള്ളാമെന്നും ഇന്നലെ താൻ പറഞ്ഞതോടെ ഒരു പറ്റം ഗുണ്ടകളും അവരുടെ പിണിയാളുകളും തനിക്കെതിരെ അസഭ്യവും ആക്രോശവുമായി പാഞ്ഞെത്തി.
താൻ തിരിച്ചും പ്രതികരിച്ചു. ഇവനു തോക്കുള്ളതിനാലാണ് ഇത്ര ധൈര്യമെന്നു പറഞ്ഞവരോട് ലൈസൻസുള്ള തോക്കാണ് കൈവശമുള്ളതെന്നു പറഞ്ഞു. റോഡിലേക്കു കയറിയപ്പോൾ സംഘടിതരായി ഏതാനും പേർ ചുറ്റും കൂടിയപ്പോൾ തോക്കെടുക്കുകയായിരുന്നു. നടന്ന സംഭവങ്ങളെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും പുഴയോരത്തു കഴിയുന്നവരെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും പി.സി. ജോർജ് എംഎൽഎ പറഞ്ഞു.