കൊയിലാണ്ടി: ബാങ്കുകളിൽ സ്ത്രീകളെക്കൊണ്ട് മുക്കുപണ്ടം പണയംവയ്പിക്കുന്ന സംഘത്തിലെ വിരുതൻ കൊയിലാണ്ടി പോലീസിന്റെ പിടിയിലായി.പാലക്കാട് കണ്ണാടി പൊക്കത്ത് വീട്ടിൽ സുധാകരനെയാണ് (46) പോലീസ് പിടികൂടിയത്. മൂടാടി സഹകരണ ബാങ്കിൽ ഒരു സ്ത്രീ മുക്കുപണ്ടം പണയംവച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വശീകരിച്ച് വലയിലാക്കിയ ശേഷം അവരെ കൊണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വയ്പിക്കുകയാണ് ഇയാളുടെ രീതി. സ്ത്രീകൾക്ക് തക്കതായ പ്രതിഫലവും നൽകുന്നുണ്ട്. സംഘത്തിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാനുണ്ട്. അന്വേഷണത്തിനിടയിൽ ഇയാളെ മലപ്പുറം ചെമ്മാട് വച്ചാണ് പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി ബാങ്കുകളിൽ മുക്കുപണ്ടം സ്ത്രീകള കൊണ്ട് പണയം വയ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
കൊയിലാണ്ടി എസ്ഐ സി.കെ.രാജേഷ്, അഡീഷണൽ എസ്ഐ വി.എം.മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.ഗിരീഷ്, സിപിഒ. സി.കെ.ചന്ദ്രൻ, ഇ. ഗണേശൻ, എന്നിവരടങ്ങിയ സംഘമാണ് പിടി കൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. വാഹന മോഷണകേസുകളിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.