കോന്നി : കുറുമ്പുകൾകാട്ടി സഞ്ചാരികളുടെ മനം കവരാൻ കോന്നി ആനത്താവളത്തിൽ ഇനിമുതൽ കുട്ടിയാനകൾ ഉണ്ടാവില്ല. അവശേഷിക്കുന്ന കുട്ടിയാന പിഞ്ചുവിനെയും ഇവിടെ നിന്ന് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം. ഹെർപ്പിസ് രോഗബാധയേ തുടർന്ന് അവശനായ പിഞ്ചു വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ്. കോന്നി ആനത്താവളത്തിൽ കുട്ടിയാനകൾ സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
കാട്ടാനകളിലും നാട്ടാനകളിലും ഒരുപോലെ പിടിപെടുന്ന വൈറൽ രോഗമായ ഹെർപ്പിസിന്റെ രോഗാണുക്കൾ ഇവിടെയുണ്ടെന്നാണ് മൃഗസംരക്ഷണ വിദഗ്ധരുടെ കണ്ടുപിടിത്തും. അടുത്തിടെ മൂന്ന് കുട്ടിയാനകൾ ഇതേ രോഗം ബാധിച്ച് ചരിഞ്ഞിരുന്നു. വൈറസ് ബാധിച്ചാൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക അസാധ്യമാണ്.
കുട്ടിയാനകൾ തുടർച്ചയായി ചരിയുന്നതിനെ തുടർന്ന് നടത്തിയ വിദഗ്ധ പഠനത്തിലാണ് ഹെർപ്പിസ് രോഗാണുക്കളെ കണ്ടെത്തിയത്. തുടർന്ന് ആനത്താവളത്തിലെ എല്ലാ ആനകളിലും നടത്തിയ പരിശോധനയിൽ പിഞ്ചുവിലും രോഗം സ്ഥിരീകരിച്ചു.
ചികിത്സ നൽകുന്നുണ്ടെങ്കിലും തീറ്റയും വെള്ളവും എടുക്കാൻ പോലും കഴിയാതെ പിഞ്ചു അവശതയിലാണ്. രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അച്ചൻകോവിൽ വനമേഖലയിൽ നിന്ന് പിഞ്ചുവിനെ കോന്നിയിൽ എത്തിച്ചത്. ഇപ്പോൾ ഒരു വയസുണ്ട്. അഞ്ച് ആനകളാണ് ഇനി ഇവിടെ അവശേഷിക്കുന്നത്.