ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ഇനി പാൻ (ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിതമാകും. ഇതോടെ വരുമാനം മറച്ചുവയ്ക്കാൻ പറ്റാതാകും. ആദായനികുതി പിരിവ് കൂടും.ഇപ്പോൾ പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പാൻ ഉപയോഗിക്കുന്നു. ഇനി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലയിൽകൂടി ആ ബന്ധിക്കൽ വരുന്പോൾ വ്യാപാരമേഖലയിലെ വരുമാനം സംബന്ധിച്ച വ്യക്തമായ ചിത്രം നികുതിവകുപ്പിനു ലഭിക്കും.
ഇപ്പോൾ വ്യാപാരമേഖലയിലെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന വരുമാനം (ആദായം) നിർണയിക്കാൻ സംവിധാനമില്ല. ഉത്പന്നങ്ങളും സേവനങ്ങളും ഒരേ നികുതി ശൃംഖലയിലായതിനാൽ ഓരോരുത്തരും എത്രമാത്രം വ്യാപാരം നടത്തുന്നു എന്നറിയാം.
അവരുടെ വാങ്ങലും വില്പനയും ഇതിനിടയിലെ മറ്റു ചെലവുകളും ഒരൊറ്റ കണക്കിന്റെ ഭാഗമായി ലഭിക്കും. ഉത്പന്നത്തിന്റെ ഓരോ വ്യാപാരഘട്ടത്തിലും എടുക്കുന്ന ലാഭം മനസിലായാൽ മൊത്തം വരുമാനവും അറിയാം. അതിനു സഹായിക്കുന്നതാണു പാൻ-ജിഎസ്ടി ബന്ധനം.
ജിഎസ്ടി സമ്മേളനം:കോൺഗ്രസ് കൂടിയാലോചിച്ചില്ലെന്ന് കെ.എം. മാണി
ന്യൂഡൽഹി: ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിന്റെ അർധരാത്രി സമ്മേളനത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് മറ്റ് പാർട്ടികളോടു കൂടിയാലോചിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണി.
എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ പൊതുസ്ഥാനാർഥിയായി തെരഞ്ഞെടുത്ത മീരാ കുമാറിനെ പിന്തുണയ്ക്കുമെന്നും വോട്ട് ചെയ്യുമെന്നും കെ.എം. മാണി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുന്നോടിയായി ഉണ്ടായിരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി മുൻ ചെയർമാൻ എന്ന നിലയിലാണ് പ്രത്യേക അർധരാത്രി സമ്മേളനത്തിനു എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ രണ്ട് എംപിമാരും സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.
അതേസമയം, ജിഎസ്ടി നടപ്പിലാക്കുന്നതു സംബന്ധിച്ച് തനിക്കും ചില ആശങ്കകളുണ്ടെന്നും നടത്തിപ്പിൽ ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി നടപ്പിലാക്കാമെന്നും മുൻ ധനമന്ത്രി ചോദ്യത്തിനു മറുപടി നൽകി. എല്ലാവരോടും തങ്ങൾക്കു മൃദുസമീപനമാണുള്ളതെന്നും അതു ബിജെപിയോടുമുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു അദ്ദേഹം മറുപടി നൽകി.
തിയറ്ററുകളിൽ സിനിമ കാണാൻ ചെലവേറും
തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ തിയറ്ററുകളിൽ 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപയും അതിനുതാഴെയും നിരക്കുളള ടിക്കറ്റിന് 18 ശതമാനം നികുതിയും അടയ്ക്കണമെന്ന് കെഎസ്എഫ്ഡിസി അറിയിച്ചു. ഇതോടൊപ്പം ഓരോ ടിക്കറ്റിലും സര്‍വീസ് ചാര്‍ജായ രണ്ടു രൂപയ്ക്കും സാംസ്കാരിക ക്ഷേമനിധിക്കുളള സെസ് തുകയായ മൂന്ന് രൂപയ്ക്കും നികുതികള്‍ ബാധകമാണ്.
തിയറ്റര്‍ പ്രവേശന നിരക്കിന്മേല് സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിയതിനുശേഷമേ നികുതിനിരക്ക് നിശ്ചയിക്കാനാവൂ. റിസര്‍വേഷന്‍ ചാര്‍ജ് തിയറ്റര്‍ പ്രവേശന നിരക്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നുള്ള തീരുമാനത്തിനായി ജിഎസ്ടി കൗണ്‍സിലിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിനു വിശദീകരണം വരുന്നതു വരെ സര്‍ക്കാര്‍ തിയറ്ററുകളില്‍ റിസര്‍വേഷന്‍ ഉണ്ടാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഈ ടിക്കറ്റ് സമ്പ്രദായം നിലവില്‍ വരുന്ന മുറയ്ക്ക് സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും ഇതിലേക്ക് മാറണം.
ജിഎസ്ടി നികുതി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അതതു തിയറ്ററുകള്‍ അടയ്ക്കണം. സാംസ്കാരിക ക്ഷേമനിധി ബോര്‍ഡിന് സെസ് തുകയായ ടിക്കറ്റിന് മൂന്ന് രൂപ എസ്ബി.ഐ ജഗതി അക്കൗണ്ട് നം.67209773080, IFSC SBIN0070568 ല്‍ അടയ്ക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ഇ- ടിക്കറ്റിംഗ് സമ്പ്രദായം നടപ്പാക്കുന്നതുവരെ നികുതിയും സെസും തിയറ്ററുകളില്‍ ശരിയായ രീതിയില്‍ പിരിച്ചെടുക്കുന്നതു പരിശോധിക്കുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സാംസ്ക്കാരിക ക്ഷേമനിധി ബോര്‍ഡിനു നല്‍കിയതായും അറിയിച്ചു.
ഒട്ടുപാലിന് ജിഎസ്ടി 5%
കോട്ടയം: ജിഎസ്ടിയിൽ ഒട്ടുപാലിനു നികുതി അഞ്ചു ശതമാനം മാത്രം. ഉത്പന്നങ്ങളുടെ നികുതി എച്ച്എസ്എൻ കോഡ് അടിസ്ഥാനമാക്കിയാണു നിശ്ചയിച്ചിട്ടുള്ളത്. റബർപട്ടയിൽനിന്നു ലഭിക്കുന്ന ഒട്ടുപാലിന്റെ ശരിയായ പദം ഫീൽഡ് കൊയാഗുലം എന്നാണ്. ഒട്ടുപാലിനെ സ്ക്രാപ്പ് എന്ന് തെറ്റായി പ്രതിപാദിക്കുന്നു. എച്ച്എസ് എൻകോഡ് പ്രകാരം സ്ക്രാപ്പ് എന്ന് വിശേഷിപ്പിക്കുന്നത് റബർ ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങളെയാണ്. ഫീൽഡ് കൊയാഗുലത്തിന്റെ എച്ച്എസ്എൻ കോഡ് 4001 ലും സ്ക്രാപ്പിന്റെ എച്ച് എസ് എൻ കോഡ് 4004 ലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജിഎസ്ടി പ്രകാരം എച്ച്എസ്എൻ കോഡ് 4004 ഉള്ള വസ്തുക്കൾക്ക് 18 ശതമാനമാണ് നികുതി. എച്ച്എസ്എൻ കോഡ് 4001 ഉള്ള വസ്തുക്കൾക്കു നികുതി അഞ്ചു ശതമാനവും. ഒട്ടുപാൽ ക്രയവിക്രയം നടത്തുന്പോൾ ഫീൽഡ് കൊയാഗുലം എന്നും എച്ച്എസ്എൻ കോഡ് 4001 എന്നും വ്യക്തമാക്കണം. ഒട്ടുപാലിന് അധിക നികുതി നല്കി കബളിപ്പിക്കപ്പെടാൻ ഇടയാകരുതെന്നു റബർ ബോർഡ് അറിയിച്ചു.