കോട്ടയം: മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം ചീഫും ആശുപത്രി സൂപ്രണ്ടുമായ ഡോ.ടി.കെ. ജയകുമാർ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവർഡിന് അർഹനായി. കഴിഞ്ഞ അഞ്ചു വർഷമായി ഹൃദയശസ്ത്രക്രിയ വിഭാഗം ചീഫായിരുന്ന ഡോ. ജയകുമാർ 2016 ജൂലൈയിലാണ് സുപ്രണ്ട് പദവി ഏറ്റെടുത്തത്. 2015ൽ രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ഇദ്ദേഹം നേതൃത്വം നൽകി.
പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്റെ ഹൃദയം മാറ്റിവച്ചങ്കിലും അണുബാധയെ തുടർന്ന് അദ്ദേഹം പിന്നീട് മരിച്ചു. അതേവർഷം തന്നെ നടത്തിയ രണ്ടു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിപ്പിച്ചതിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
സൂപ്രണ്ട് പദവി ഏറ്റെടുത്ത ശേഷം ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന് അവാർഡ് നൽകും.